പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനം ചരിത്രപരം: രാജീവ് ചന്ദ്രശേഖർ
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: ഇനി മണിപ്പുരിനുവേണ്ടി ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി മണിപ്പുരിലേക്ക് എത്തുക മാത്രമല്ല, മണിപ്പുർ ജനതയെ ചേർത്തുപിടിച്ച് അവരെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന വികസനത്തിന്റെ രഥം തെളിക്കുകകൂടിയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മണിപ്പുർ ജനതയ്ക്ക് വേണ്ടതെല്ലാം നൽകി, വികസനത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പാതയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് അടിവരയിടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ചരിത്രപരമായ മണിപ്പുർ സന്ദർശനവും വികസനപദ്ധതികളുടെ പ്രഖ്യാപനങ്ങളും.
മണിപ്പുരിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ പലതും ഊതിപ്പെരുപ്പിച്ചതോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ ആണ്. ആ നാട് ഇന്ന് സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലാണ്. ഒറ്റപ്പെട്ട ചില സംഘർഷങ്ങൾ നടക്കുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, അതിനെ രണ്ട് മതങ്ങൾ തമ്മിലുള്ള വർഗീയ ഏറ്റുമുട്ടലായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ മുന്നണിയിലെ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു.
പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കുന്നില്ല എന്ന പ്രചാരണമാണ് പ്രതിപക്ഷ പാർട്ടികൾ വലിയതോതിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ, കൃത്യസമയത്ത് ഇടപെടേണ്ട രീതിയിൽ കേന്ദ്രസർക്കാരും ബിജെപിയും മണിപ്പുർ വിഷയത്തിൽ ഇടപെടുകയും സമാധാനശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു. അതിന് പ്രധാനമന്ത്രി നേരിട്ട് അവിടേക്ക് എത്തണമെന്നില്ല.
വികസിത ഭാരതം എന്നാൽ വികസിത മണിപ്പുരും ചേർന്നുതന്നെയാണ് എന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. ചെറുതും വലുതുമായ എല്ലാ സംസ്ഥാനങ്ങളിലും വികസനത്തിന്റെ വെളിച്ചം എത്തിയാൽ മാത്രമേ വികസിത ഭാരതം യാഥാർഥ്യമാകൂ. 8500 കോടി രൂപയുടെ പദ്ധതികൾക്കാണ് മണിപ്പുരിൽ ഇന്നലെ പ്രധാനമന്ത്രി തുടക്കമിട്ടത്. മെയ്തെയ്-കുക്കി വിഭാഗങ്ങൾക്കായി പ്രത്യേക പാക്കേജ് കേന്ദ്രം നടപ്പിലാക്കും.
ഒരാളെയും മാറ്റിനിർത്തുകയോ ഒരാളെയും പ്രത്യേകം ചേർത്തുപിടിക്കുകയോ അല്ല. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടിയാണ് ഈ നാട്ടിലെ ഓരോ പദ്ധതിയും എന്ന കാര്യം ഒരിക്കൽകൂടി പ്രധാനമന്ത്രി വ്യക്തമാക്കുകയാണ്.
സംഘർഷമുണ്ടായപ്പോൾ മുതൽ മുൻപ് ഒരുസർക്കാരും ചെയ്യാത്ത എല്ലാ ഇടപെടലുകളും ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ മണിപ്പുരിനു വേണ്ടി ചെയ്തു.
ഒരുഭാഗത്ത് സമാധാനശ്രമങ്ങളും മറുഭാഗത്ത് ആ നാടിനെ വികസനപാതയിലേക്ക് എത്തിക്കുന്ന വലിയ ദൗത്യവും ഒരേപോലെ പ്രാധാന്യം നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.