പിണറായി ദയവായി ആഭ്യന്തരമന്ത്രിസ്ഥാനത്ത് ഇരിക്കരുത്: വി.ഡി. സതീശൻ
Saturday, September 13, 2025 2:28 AM IST
കൊച്ചി: ഡിവൈഎഫ്ഐ നേതാവിനെപ്പോലും സ്റ്റേഷനിലിട്ടു തല്ലിക്കൊല്ലുന്ന പോലീസാണു കേരളത്തിലുള്ളതെങ്കില്‍ പിണറായി വിജയന് ദയവുചെയ്ത് ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
അഭിനവ സ്റ്റാലിന് കേരളം ഭരിക്കുന്ന കാലത്ത് കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ റഷ്യയിലേതു പോലെ "ഗുലാഗു'കളാക്കി മാറ്റി. ജനാധിപത്യകേരളത്തില്‍ പിണറായി വിജയന് സ്റ്റാലിന് ചമയേണ്ട.
അമീബിക് മസ്തിഷ്കജ്വരം വ്യാപിച്ചു മരണങ്ങളുണ്ടായിട്ടും എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത ആരോഗ്യവകുപ്പ് എന്തിനാണെന്നറിയില്ല. സര്‍ക്കാരിന്റെ പരാജയം വിലയിരുത്തുന്നതിനുവേണ്ടിയാണോ പത്താംവര്ഷത്തില് അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമവും സംഘടിപ്പിക്കുന്നത്. ഒന്നും ചെയ്യാനില്ലാത്ത സമയത്താണ് സെമിനാറുകളും കോണ്‍ക്ലേവുകളും നടത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും എന്തെങ്കിലും എഴുതുന്നതിന് മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. പാര്‍ട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. അത് കെപിസിസി അധ്യക്ഷന്‍ അറിയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെയും പാര്‍ട്ടിയുടെയും ഭാഗമല്ല.
അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അച്ചടക്കനടപടി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കെപിസിസി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാപരമായ കാര്യങ്ങളിൽ എല്ലാവരുമായും ആലോചിച്ച് തീരുമാനം പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.