കെ. ബാബുവിന് വിജയം
Friday, April 12, 2024 2:08 AM IST
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി.
അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പുകള്‍ വോട്ടര്‍മാര്‍ക്കു വിതരണം ചെയ്തതിനാല്‍ ബാബുവിനെ എംഎല്‍എയായി തെരഞ്ഞെടുത്തത് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സ്വരാജിന്റെ വാദം സംശയാതീതമായി തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ ഹര്‍ജി തള്ളത്.
സാക്ഷിമൊഴികള്‍ മാത്രമാണുള്ളത്. ഇതു ഹര്‍ജിക്കാരന്റെ ആരോപണം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വോട്ടര്‍മാര്‍ക്കു വിതരണം ചെയ്ത സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രം അച്ചടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെറ്റാണ്. എന്നാല്‍ വിതരണം ചെയ്ത സ്ലിപ്പ് അച്ചടിച്ചത് കെ. ബാബുവോ ബാബുവിനുവേണ്ടിയോ ആണെന്നതിനു തെളിവില്ല.
അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പ് വിതരണം ചെയ്തതുസംബന്ധിച്ച് സ്വരാജിന് നേരിട്ടുള്ള അറിവും ഉണ്ടായിരുന്നില്ല. അയല്‍വാസികള്‍ക്കും സമാനമായ സ്ലിപ്പ് വിതരണം ചെയ്തിട്ടുണ്ടെന്ന സാക്ഷികളുടെ മൊഴി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രം അച്ചടിച്ചിരുന്നുവെന്നു രേഖപ്പെടുത്തിയിരുന്നുമില്ല. ഇത്തരമൊരു സ്ലിപ്പ് വിതരണം ചെയ്തതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.
കെ. ബാബുവിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവദോഷം ഉണ്ടാകുമെന്ന് സ്ലിപ്പ് വിതരണത്തിനെത്തിയവര്‍ വോട്ടര്‍മാരോടു പറഞ്ഞുവെന്നും മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും ശബരിമല അയ്യപ്പന്റെ വിശ്വാസികളായതിനാല്‍ തന്നെ പ്രതികൂലമായി ബാധിച്ചെന്നുമായിരുന്നു സ്വരാജിന്റെ വാദം. എന്നാൽ ഇത്തരമൊരു സ്ലിപ്പ് താനോ തന്റെ ഏജന്റുമാരോ അച്ചടിക്കുകയോ തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ ദൈവദോഷം ഉണ്ടാകുമെന്ന് ആരോടെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്നായിരുന്നു കെ. ബാബുവിന്റെ വാദം. പരാതിക്കാരന് വ്യാജ സ്ലിപ്പുകളാണ് ഹാജരാക്കിയതെന്നും ബാബു ബോധിപ്പിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തലേന്ന് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാദ സ്ലിപ്പുകൾ വിതരണം ചെയ്തെന്നായിരുന്നു സ്വരാജിന്റെ പരാതി. സ്ലിപ്പില്‍ അയ്യപ്പന്റെ ഫോട്ടോയും കൈപ്പത്തി ചിഹ്നവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഏപ്രില്‍ നാലിന് വിതരണം നടത്തിയത്. ഏപ്രില്‍ അഞ്ചിന് സ്ലിപ്പ് സംബന്ധിച്ച് തൃപ്പൂണിത്തുറ എസ്ഐക്ക് പരാതി നല്‍കിയെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി നേരത്തേ ഈ കേസ് ഫയലില്‍ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ വാദം നടത്തി. പിന്നീട് ഫയലില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചെങ്കിലും കെ. ബാബു ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു.
സുപ്രീംകോടതി ഹര്‍ജി തള്ളി ഹൈക്കോടതിയോടു വാദം കേൾക്കാൻ നിര്‍ദേശിച്ചു. പിന്നീട് ഹൈക്കോടതി സ്വരാജ് സാക്ഷിയായി ചൂണ്ടിക്കാട്ടിയ മണ്ഡലത്തിലെ ആറു വോട്ടര്‍മാരെയും തൃപ്പൂണിത്തുറ എസ്ഐയെയും സ്ലിപ്പ് വിതരണം നടത്തിയ കോൺഗ്രസ് പ്രവര്‍ത്തകരെയും വിസ്തരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണം നിഷേധിച്ചിരുന്നു.
വിചിത്ര വിധി: എം. സ്വരാജ്

കൊച്ചി: കോടതിയിൽനിന്നുണ്ടായത് വിചിത്രമായ വിധിയെന്നു സിപിഎം നേതാവ് എം. സ്വരാജ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിധിയല്ലിതെന്നും ഹൈക്കോടതി വിധിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
കേസിലെ ജയപരാജയമല്ല ഇതിലെ പ്രശ്നം. കേസിലൂടെ വിജയിച്ച് എംഎല്‍എ ആകുകയല്ല ഇതിന്റെ കേന്ദ്ര പ്രശ്നം. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതും അട്ടിമറിക്കുന്നതുമായ നഗ്നമായ നിയമലംഘനങ്ങള്‍ തടയപ്പെടേണ്ടതുണ്ടെന്ന ബോധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ പേരിലുള്ള പ്രചാരണ സാമഗ്രികള്‍ തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ ഘട്ടങ്ങളില്‍ നീക്കം ചെയ്തിട്ടുള്ളതാണ്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഹൈക്കോടതി മുമ്പാകെ തെരഞ്ഞെടുപ്പ് പരാതിയായി ഉന്നയിച്ചത്.
എല്ലാ തെളിവുകളും കോടതിയുടെ മുമ്പാകെ കൊണ്ടുവന്നതാണ്. ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. എന്നാല്‍ വിധി മറിച്ചാണുണ്ടായത്. ഈ വിധി തെറ്റായ സന്ദേശം സമൂഹത്തിന് പകര്ന്നുനല്കും. പ്രത്യേകിച്ച് ഒരു തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഈ വിധിയും പുറത്തുവരുന്നത്. വിധി തെറ്റായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കുമോയെന്ന് ആശങ്കപ്പെടേണ്ടതുണ്ട്.
പാര്‍ട്ടിയുമായും അഭിഭാഷകനുമായും ആലോചിച്ച് വിധി പകര്‍പ്പ് വിശദമായി പരിശോധിച്ചശേഷം തീരുമാനം കൈക്കൊള്ളുമെന്നും സ്വരാജ് പറഞ്ഞു.
വിധിയില്‍ സന്തോഷം: കെ. ബാബു എംഎല്‍എ
തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പു കേസ് തള്ളിയ ഹൈക്കോടതി വിധിയില്‍ വളരെ സന്തോഷമെന്ന് കെ. ബാബു എംഎല്‍എ. ജനകീയ കോടതി വിധി അവര്‍ മാനിച്ചില്ല. നീതിന്യായ കോടതി വിധിയെങ്കിലും മാനിക്കണം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് തന്റെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോരാടി നേടിയ വിജയത്തെ എല്‍ഡിഎഫ് മോശമായി ചിത്രീകരിച്ചു. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കണം. തനിക്കെതിരായ തെളിവുകളെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും എംഎല്‍എ പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കാരണമാണു സിപിഎമ്മിന് വോട്ട് കുറഞ്ഞത്. ജനകീയ കോടതി വിധികള്‍ ഇടതുമുന്നണിയും സ്ഥാനാര്‍ഥിയും അംഗീകരിക്കണം. അയ്യപ്പന്റെ ചിത്രം വച്ച് താന്‍ സ്ലിപ്പ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. ഞങ്ങള്‍ തെറ്റു ചെയ്തിട്ടില്ല. അതായിരുന്നു ഞങ്ങളുടെ വിശ്വാസം. ഏഴു തെരഞ്ഞെടുപ്പില്‍ ഇതുവരെ മത്സരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നൂറു ശതമാനം പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഇതുവരെ നടത്തിയിട്ടുള്ളതെന്നും ബാബു പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് പി.സി. പോളിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ. ബാബുവിനെ ഷാളണിയിച്ചു. മധുരവിതരണവും നടത്തി. കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഉദയംപേരൂര്‍, ഉദയംപേരൂര്‍ സൗത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും മരട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും പ്രകടനം നടത്തി.