പാലാ ടൗണില്‍ കാട്ടുപന്നി
Monday, March 4, 2024 4:47 AM IST
പാലാ: നഗരമധ്യത്തില്‍ കാട്ടുപന്നി ഇറങ്ങിയതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രധാന റോഡിലൂടെ അര്‍ധരാത്രി നാലു പന്നികള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ പാലാ കേന്ദ്രമായുള്ള വാട്സ്അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.
കാര്‍ യാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ടൗണ്‍ കുരിശുപള്ളി പശ്ചാത്തലത്തില്‍ കാണാം. കാട്ടുപന്നികളുടെ സാന്നിധ്യം വനംവകുപ്പോ മറ്റു ബന്ധപ്പെട്ട അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. കുടക്കച്ചിറ, ഏഴാച്ചേരി, കടനാട് പ്രദേശങ്ങളില്‍ സമീപകാലത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. വേനല്‍ കടുത്തതോടെ വെള്ളവും തീറ്റയും തേടി ഇറങ്ങിയതാവാം ഇവയെന്നാണ് കരുതുന്നത്.