വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും: മന്ത്രി പി. രാജീവ്
Monday, March 20, 2023 4:38 AM IST
മട്ടന്നൂർ (കണ്ണൂർ): കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക സ്ഥലം പ്രയോജനപ്പെടുത്തി ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. കണ്ണൂർ ജില്ലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ രംഗത്തെ ഇൻകുബേറ്ററുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവ നടത്തുന്ന കണ്ടുപിടിത്തങ്ങളുടെ വ്യവസായ ഉത്പാദനത്തിനു കോളജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകളിൽ മുൻഗണന നൽകുമെന്നു മന്ത്രി പറഞ്ഞു. അതിനു സമാനമായ മറ്റ് വ്യവസായങ്ങൾക്കും ആ സ്ഥലം ഉപയോഗിക്കാം. കുട്ടികൾക്കു ക്ലാസിനു ശേഷമുള്ള സമയം ഇവിടെ ജോലി ചെയ്യാം. പഠിക്കുന്നതുമായി ബന്ധപ്പെട്ടാണു ജോലി ചെയ്യുന്നതെങ്കിൽ അതിനു ക്രെഡിറ്റ് കൊടുക്കാം.
ഈ വർഷം തന്നെ ഇത് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി യൂണിവേഴ്സിറ്റിയുടെ ഇരുപതേക്കറിലായിരിക്കും ആദ്യത്തെ പാർക്ക് നടപ്പാക്കുക. 38 കോളജുകൾ ഇതിനകംതന്നെ ഇതിന് തയാറായി സർക്കാരിനെ സമീപിച്ചതായും മന്ത്രി പറഞ്ഞു.
ഇനി വ്യവസായ വികസനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലം ഉത്തരകേരളമാണെന്നു മന്ത്രി പറഞ്ഞു. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ട്. സ്ഥലവും കുറഞ്ഞവിലയ്ക്കു ലഭ്യമാണ്. കേരളത്തിൽ ആദ്യത്തെ സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കിനുള്ള അനുമതി നൽകിയത് കണ്ണൂരിലാണ്. സംസ്ഥാനത്ത് എട്ടു സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. വ്യവസായം ശക്തിപ്പെടാതെ കേരളത്തിന്റെ നേട്ടങ്ങൾ നിലനിർത്തുക ദുഷ്കരമാണ്. സംരംഭകവർഷം നല്ല ആത്മവിശ്വാസം നൽകി. 17.3 ശതമാനമാണ് നമ്മുടെ വ്യവസായ വളർച്ച. മൊത്തം സാമ്പത്തിക വളർച്ച 12 ശതമാനമാണ്. കേരളത്തിൽ മൊത്തം സാമ്പത്തിക വളർച്ചയുടെ മുകളിലേക്കു വ്യവസായ വളർച്ച അപൂർവമായേ വന്നിട്ടുള്ളൂ. ഉത്പാദന മേഖല 18.9 ശതമാനം വളർന്നു. ഒരു കുതിപ്പിനുള്ള പരിസരം ഒരുങ്ങിയിട്ടുണ്ട്.
കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു. കണ്ണൂരിന്റെ സംരംഭ സാധ്യതകൾ എന്ന വിഷയം മലബാർ ഫർണിച്ചർ കൺസോർഷ്യം എംഡി കെ.പി. രവീന്ദ്രൻ അവതരിപ്പിച്ചു. സംരംഭക വർഷത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു കടന്നു വരുന്ന പുതിയ പ്രോജക്ടുകളെക്കുറിച്ച് എ.എസ്. ഷിറാസ് സംസാരിച്ചു. ഉച്ചയ്ക്കു ശേഷം സംരംഭക നിക്ഷേപകർ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും ബാങ്കുകളുടെ പ്രതിനിധികളുമായും മുഖാമുഖം നടത്തി.
എല്ലാ കാലത്തും തലയിൽ ചുമടെടുക്കാനാകില്ല; ട്രേഡ് യൂണിയനുകൾ റിക്രൂട്ടിംഗ് ഏജൻസിയല്ല
മട്ടന്നൂർ (കണ്ണൂർ): എല്ലാ കാലത്തും തലയിൽ ചുമടെടുക്കാൻ പറ്റില്ലെന്നും ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ പുതിയരീതികൾ കൊണ്ടുവരണമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. അതിനുവേണ്ട പരിശീലനം നൽകണം. ട്രേഡ് യൂണിയനുകൾ റിക്രൂട്ടിംഗ് ഏജൻസിയല്ല. തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ നിയമപരമായ അവകാശങ്ങൾക്കു വേണ്ടി നിൽക്കാനും ട്രേഡ് യൂണിയനുകൾക്ക് അവകാശമുണ്ട്.
പക്ഷേ, ആര് പണിയെടുക്കണം, ആരെ എടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ഥാപനം നടത്തുന്നവർക്കുള്ളതാണ്. ഇതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.
നിയമപരമായ വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും ഉദ്യോഗസ്ഥ രംഗത്തും ട്രേഡ് യൂണിയൻ രംഗത്തും മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.