ബിബിസിയെ എതിർത്ത് അനിൽ ആന്റണി; അനിലിനെ തള്ളി ഷാഫി പറന്പിൽ
Wednesday, January 25, 2023 2:08 AM IST
തിരുവനന്തപുരം: ബിബിസിയുടേത് ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസി വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കണ്‍വീനർ അനിൽ ആന്റണി പറഞ്ഞത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനായ അനിൽ ആന്റണിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ അനിലിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ രംഗത്തെത്തി.
ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാൻ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോണ്ഗ്രസിന്റേതാകില്ലെന്നും ഷാഫി പറഞ്ഞു.