മുല്ലപ്പെരിയാർ കേസിൽ ആന്ധ്രയെയും ഒഡീഷയെയും കക്ഷിചേർക്കണമെന്ന് ഹർജി
Monday, November 23, 2020 11:58 PM IST
കൊച്ചി: മുല്ലപ്പെരിയാർ ഡാം കേസിൽ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിനെയും കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസൽ ജോയി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
നാളിതുവരെ കേരളവും തമിഴ്നാടും വാദിയും എതിർകക്ഷിയുമായാണ് കേസ് നടത്തിയിരുന്നത്. തിരുവിതാംകൂറിന്റെ അനന്തരാവകാശി സർക്കാർ ആയി കേരള സർക്കാരും മദ്രാസ് പ്രസിഡൻസിയുടെ അനന്തരാവകാശി സർക്കാർ ആയി തമിഴ്നാട് സർക്കാരും.
മദ്രാസ് പ്രസിഡൻസിയുടെ അനന്തരാവകാശി സർക്കാരുകളായി വരുന്നത് കേരളം, തമിഴ്നാട്, ആന്ധപ്രദേശ്, തെലുങ്കാന, ഒഡീഷ, കർണാടക, ലക്ഷദ്വീപ് സമൂഹം എന്നിവയാണ്.
കേരളവും തമിഴ്നാടും ഈ അഞ്ച് പ്രദേശങ്ങളെയും നാളിതുവരെ കേസിൽ കക്ഷിയാക്കിയിട്ടില്ല. അതുകൊണ്ട് ഇതുവരെ സുപ്രീംകോടതിയിൽനിന്നു സന്പാദിച്ച വിധികൾ യഥാർഥ കക്ഷികളെ കേസിൽ പാർട്ടിയാക്കാത്തതുകൊണ്ട് അസ്ഥിരമാക്കാവുന്നതാണ്. അങ്ങനെവരുന്പോൾ 1886-ലെ പട്ടാളക്കരാറും ഇന്ത്യൻ ഇൻഡിപെൻഡന്റ്സ് ആക്ട് പ്രകാരവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിവിധ നിയമനിർമാണങ്ങളും അനുസരിച്ച് കേരളത്തിന് റദ്ദ് ചെയ്യാവുന്നതുമാണെന്ന് ഹർജിയിൽ പറഞ്ഞു.