സിസ്റ്റർ സെലിൻ കാരിക്കാട്ടിൽ മദർ ജനറൽ
Monday, September 16, 2019 11:44 PM IST
തൃശൂർ: മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് പീറ്റർ ക്ലാവർ സന്യാസിനീ സമൂഹത്തിന്റെ ആഗോളതലത്തിലുള്ള മദർ ജനറലായി സിസ്റ്റർ സെലിൻ കാരിക്കാട്ടിലിനെ തെരഞ്ഞെടുത്തു. ഇതാദ്യമായാണു മലയാളി സിസ്റ്റർ ഈ സന്യാസിനീസമൂഹത്തിന്റെ ആഗോള മേധാവിയാകുന്നത്.
റോമിൽ ചേർന്ന നേതൃയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 28 രാജ്യങ്ങളിൽ 45 സന്യാസ ഭവനങ്ങളുള്ള ഈ സന്യാസസമൂഹത്തിൽ 83 പേർ ഇന്ത്യയിൽനിന്നുള്ള അംഗങ്ങളാണ്.
തലശേരി അതിരൂപതയിലെ മേരിഗിരി ഇടവകാംഗമായ കാരിക്കാട്ടിൽ ജോസഫിന്റെയും പരേതയായ റോസമ്മയുടെയും പതിനൊന്നു മക്കളിൽ ഏഴാമത്തെ മകളാണ് സിസ്റ്റർ സെലിൻ.1989ൽ സന്യാസ സമൂഹത്തിൽ ചേർന്ന സിസ്റ്റർ സെലിൻ 1995ൽ ബംഗളൂരുവിൽ ആദ്യ വ്രതവാഗ്ദാനവും 2001ൽ റോമിൽ നിത്യവ്രതവാഗ്ദാനവും നടത്തി. ഇന്ത്യയിൽ റീജിണൽ ഡെലഗേറ്റായും നോവീസ് മിസ്ട്രസായും പ്രവർത്തിച്ചു.