പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ല: ഇ. ശ്രീധരൻ
Monday, September 16, 2019 11:30 PM IST
കൊച്ചി: പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് ഇ. ശ്രീധരൻ. പാലത്തിന്റെ ഫൗണ്ടേഷൻ പൊളിക്കേണ്ടതില്ല. പിയറുകളും പിയർ ക്യാപുകളും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലം പൂർണമായും പുതുക്കിപ്പണിയാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിനു പിന്നാലെയായിരുന്നു ശ്രീധരന്റെ പ്രതികരണം.
പുനർനിർമാണത്തിന്റെ സാങ്കേതിക മേൽനോട്ടച്ചുമതലയാണു തനിക്കുള്ളത്. എല്ലാ സാങ്കേതിക സഹായവും നൽകും. പൊളിക്കലും പുനർനിർമാണവും സമാന്തരമായി നടത്തും. ഒരു മാസത്തിനകം ജോലികൾ തുടങ്ങും. ഒരു വർഷത്തിനകം പുനർനിർമാണ പ്രവൃത്തികൾ പൂർത്തിയാക്കും. പാലത്തിന്റെ പുതിയ ഡിസൈനുകൾ തയാറായിട്ടുണ്ട്. നിർമിച്ചു രണ്ടര വർഷത്തിനുള്ളിൽ വീണ്ടും പാലം പൊളിക്കുന്നതു ദൗർഭാഗ്യകരമാണെന്നും ശ്രീധരൻ പറഞ്ഞു.
ചെന്നൈ ഐഐടി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഇ. ശ്രീധരനുമായി ചർച്ച നടത്തിയിരുന്നു.