ജയന്റ് നിക്കോ
Friday, March 28, 2025 3:16 AM IST
ഹൈദരാബാദ്: നിക്കോളാസ് പുരാനും (26 പന്തിൽ 70) മിച്ചൽ മാർഷും (31 പന്തിൽ 52) ചേർന്നു നടത്തിയ പ്രത്യാക്രമണം ചെറുത്തു നിൽക്കാൻ സാധിക്കാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ് കീഴടങ്ങി.
അതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിൽ ലക്നോ സൂപ്പർജയന്റ്സ് ആദ്യ ജയം സ്വന്തമാക്കി. 23 പന്ത് ബാക്കിവച്ച് അഞ്ച് വിക്കറ്റിനായിരുന്നു ലക്നോയുടെ ജയന്റ് ജയം.
സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 190/9. ലക്നോ സൂപ്പർജയന്റ്സ് 16.1 ഓവറിൽ 193/5.
പിടിച്ചുകെട്ടി
ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻ റിച്ച് ക്ലാസൻ എന്നിങ്ങനെ നീളുന്ന വെടിക്കെട്ട് ബാറ്റിംഗ് നിരയുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആദ്യം ക്രീസിലേക്ക് അയയ്ക്കാനുള്ള ഋഷഭ് പന്തിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു പിന്നീട് ഹൈദരാബാദിൽ കണ്ടത്. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ അഭിഷേക് ശർമയെയും (6) രണ്ടാം പന്തിൽ ഇഷാൻ കിഷനെയും (0) മടക്കി ഷാർദുൾ ഠാക്കൂർ സണ്റൈസേവ്സിന് ഇരട്ടപ്രഹരമേൽപ്പിച്ചു. നിതീഷ് കുമാർ റെഡ്ഡിയും (28 പന്തിൽ 32) ട്രാവിസ് ഹെഡും (28 പന്തിൽ 47) ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 61 റണ്‍സ് നേടി.
ഹെഡിന് ഇരട്ട ലൈഫ്
എട്ടാം ഓവറിന്റെ മൂന്നാം പന്തിൽ പ്രിൻസ് യാദവിനു മുന്നിൽ കീഴടങ്ങുന്നതിനു മുന്‍പ് ട്രാവിസ് ഹെഡിന് ഇരട്ട ലൈഫ് ലഭിച്ചു. രവി ബിഷ്ണോയിയുടെ പന്തിൽ നിക്കോളാസ് പുരാനായിരുന്നു ആദ്യം വിട്ടുകളഞ്ഞത്. തുടർന്ന് റിട്ടേണ്‍ ക്യാച്ചിനുള്ള അവസരം മുതലാക്കാൻ ബിഷ്ണോയിക്കും സാധിച്ചില്ല. ഇരുപത്തിമൂന്നുകാരനായ പ്രിൻസ് യാദവിന്റെ കന്നി വിക്കറ്റായിരുന്നു ഹെഡിന്റേത്, അതും ക്ലീൻ ബൗൾഡ്.
ഹെൻറിച്ച് ക്ലാസൻ (26) റണ്ണൗട്ടായി. അനികേത് വർമയായിരുന്നു (13 പന്തിൽ 36) സണ്‍റൈസേഴ്സ് അക്കൗണ്ടിലേക്ക് പിന്നീട് റണ്ണെത്തിച്ചത്. തുടർച്ചയായി മൂന്നു സിക്സിനുശേഷം നാലാം പന്തിൽ പുറത്തായ പാറ്റ് കമ്മിൻസും (18) ഹർഷൽ പട്ടേലും (11 പന്തിൽ 12 നോട്ടൗട്ട്) ചേർന്ന് പൊരുതാനുള്ള സ്കോറിൽ ടീമിനെ എത്തിച്ചു.
ആർക്കും വേണ്ടാത്ത ഷാർദുൾ
2025 ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടത്ത കളിക്കാരനായിരുന്നു ഷാർദുൾ ഠാക്കൂർ. എന്നാൽ, 2025 ഐപിഎല്ലിൽ നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതിനുള്ള പർപ്പിൾ ക്യാപ്പ് ഷാർദുളിനു സ്വന്തം. മാത്രമല്ല, ഐപിഎല്ലിൽ 100 വിക്കറ്റും തികച്ചു. സണ്‍റൈസേഴ്സിനെതിരേ നാല് ഓവറിൽ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് ഷാർദുൾ സ്വന്തമാക്കി. ഐപിഎല്ലിൽ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗാണിത്.
നിക്കോ, മിച്ചൽ
191 റണ്‍സ് എന്ന ലക്ഷ്യത്തിനായി ലക്നോ സൂപ്പർജയന്റ്സിനെ മുന്നോട്ടു നയിച്ചത് മിച്ചൽ മാർഷും നിക്കോളാസ് പുരാനുമായിരുന്നു. ഇംപാക്ട് പ്ലെയറായാണ് മിച്ചൽ മാർഷ് എത്തിയത്. ഓപ്പണർ എയ്ഡൻ മാക്രം നാലു പന്തിൽ ഒരു റണ്ണുമായി പുറത്തായി.
അതോടെ നിക്കോളാസ് പുരാനും മിച്ചൽ മാർഷും ക്രീസിൽ ഒന്നിച്ചു. 26 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 70 റണ്‍സ് നേടിയശേഷമാണ് പുരാൻ പുറത്തായത്. രണ്ടാം വിക്കറ്റിൽ മാർഷിന് ഒപ്പം 116 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. 31 പന്തിൽ 52 റൺസുമായി മിച്ചൽ മാർഷ് പുറത്താകുന്പോൾ ലക്നോ 10.5 ഓവറിൽ 138 റൺസ് നേടിയിരുന്നു.