ക്യാപ്റ്റൻ; പണമില്ല, പണിമാത്രം...
Friday, March 28, 2025 3:16 AM IST
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് അതിന്റെ ഫുൾ സ്വിംഗിലേക്കു കടന്നുകഴിഞ്ഞു. രണ്ടാം റൗണ്ട് പോരാട്ടങ്ങളുടെ പിരിമുറുക്കത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. കാര്യങ്ങൾ അപഗ്രഥിക്കാനുള്ള സമയം ആയിട്ടില്ലെങ്കിലും കളിക്കാരുടെ പ്രതിഫലവും പ്രകടനവും തമ്മിലുള്ള താരതമ്യങ്ങൾ മുൻ സീസണുകളിലെപ്പോലെ പല കോണുകളിൽ തുടങ്ങിക്കഴിഞ്ഞു.
ഈ സീസണിലെ ഏറ്റവും വിലയേറിയ രണ്ടു കളിക്കാർ രണ്ടു ടീമുകളുടെ ക്യാപ്റ്റന്മാരാണ്. 27 കോടി രൂപയ്ക്കു ലക്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്തും 26.75 കോടി രൂപയ്ക്കു പഞ്ചാബ് കിംഗ്സ് തട്ടകത്തിലെത്തിച്ച ശ്രേയസ് അയ്യറും. അതുകൊണ്ടുതന്നെ 18-ാം സീസണിലെ ക്യാപ്റ്റൻസിയും പ്രതിഫലവും തമ്മിലൊരു താരതമ്യം...
സിംഗിൾ ഡിജിറ്റ് ക്യാപ്റ്റൻ
പണിയേറെ, പണിക്കൂലി തുച്ഛം എന്നതാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ അവസ്ഥ. 2025 ഐപിഎൽ സീസണിൽ ഏറ്റവും കുറവു പ്രതിഫലമുള്ള ക്യാപ്റ്റനാണ് രഹാനെ. വെറും 1.50 കോടി രൂപ മാത്രം മുടക്കിയാണ് രഹാനെയെ കെകെആർ ടീമിലെത്തിച്ചത്. ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും മികച്ച ക്യാപ്റ്റൻസി കാഴ്ചവച്ച കളിക്കാരനാണ് രഹാനെ.
കൃത്യമായ ഫീൽഡിംഗ് പൊസിഷനുകളും ബൗളിംഗ് ചെയ്ഞ്ചും ബാറ്റിംഗ് ഓർഡർ മാറ്റങ്ങളുമെല്ലാമായി കെകെആറിനെ മുന്നിൽനിന്നു നയിക്കുകയാണ് രഹാനെ. മാത്രമല്ല, ആദ്യ മത്സരത്തിൽ 56ഉം രണ്ടാം മത്സരത്തിൽ 18ഉം റണ്‍സ് നേടി ബാറ്റുകൊണ്ടും ടീമിനു മാതൃകയാകുന്നു.
ഏറ്റവും രസകരമായ മറ്റൊരു കാര്യം, 23.75 കോടി രൂപയ്ക്കു കെകെആർ നിലനിർത്തിയ വെങ്കിടേഷ് അയ്യറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. അതായത് ക്യാപ്റ്റനേക്കാൾ 22.25 കോടി രൂപ അധികം വൈസ് ക്യാപ്റ്റനു ലഭിക്കുന്നു...
2025 ഐപിഎൽ സീസണിൽ പ്രതിഫലത്തിൽ ഒറ്റ അക്കമുള്ള ഏക ക്യാപ്റ്റനും രഹാനെയാണ്. ഐപിഎൽ ചരിത്രത്തിൽ മൂന്നു വ്യത്യസ്ത ടീമുകളുടെ ക്യാപ്റ്റനായ ഏക ഇന്ത്യക്കാരനാണ് രഹാനെ. റൈസിംഗ് പൂന സൂപ്പർജയന്റ്സ് (2017), രാജസ്ഥാൻ റോയൽസ് (2018, 2019) ടീമുകളെയാണ് രഹാനെ മുന്‍പ് നയിച്ചത്.
പാട്ടിദാർ, ഗിൽ, ഹാർദിക്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പുതിയ ക്യാപ്റ്റനാണ് രജത് പാട്ടിദാർ. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബി ഏഴു വിക്കറ്റിനു കെകെആറിനെതിരേ ജയം സ്വന്തമാക്കി. ആദ്യമായി ഐപിഎൽ ക്യാപ്റ്റൻസിയിലെത്തിയ പാട്ടിദാറിന് 11 കോടി രൂപയാണ് ആർസിബി നൽകുന്നത്.
2025 സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ സ്ഥിരം ക്യാപ്റ്റനായ അക്സർ പട്ടേൽ, ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ ശുഭ്മാൻ ഗിൽ എന്നിവരുടെ പ്രതിഫലം 16.5 കോടി വീതം. മുംബൈയുടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കുള്ളത് 16.35 കോടി രൂപയും.
സഞ്ജു, ഗെയ്ക്വാദ്
രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസണ്, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിൻസ്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഋതുരാജ് ഗെയ്ക്വാദ് എന്നീ ക്യാപ്റ്റന്മാർ പ്രതിഫലത്തിൽ തുല്യർ, 18 കോടി രൂപ. 18-ാം സീസണിലെ ഏക വിദേശ ക്യാപ്റ്റനാണ് കമ്മിൻസ്.
പന്തും അയ്യരും
2025 സീസണിലെ ഏറ്റവും വിലയേറിയ ക്യാപ്റ്റന്മാരാണ് ലക്നോ സൂപ്പർജയന്റ്സിന്റെ ഋഷഭ് പന്തും (27 കോടി രൂപ) പഞ്ചാബ് കിംഗ്സിന്റെ ശ്രേയസ് അയ്യറും (26.75). ആദ്യ റൗണ്ടിൽ അയ്യർ (97 നോട്ടൗട്ട്) ടീമിനെ മുന്നിൽനിന്നു ജയത്തിലേക്കു നയിച്ചു.