മുംബൈ മുത്തമിട്ടു
Sunday, March 16, 2025 1:34 AM IST
മുംബൈ: മുംബൈ ഇന്ത്യൻസിനു മൂന്നാം വനിതാ പ്രീമിയർ ലീഗ് കിരീടം. മുംബൈ ഫൈനലിൽ എട്ടു റണ്‍സിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു. മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റിന് 149 റണ്‍സ്.
ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 141. മുംബൈ വനിതകൾ രണ്ടാം തവണയാണ് കപ്പുയർത്തുന്നത്. വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ്.
മുംബൈ ഇന്ത്യൻസിന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറി (66) മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ ഭേദപ്പെട്ട സ്കോറിലെത്തിയത്.
തുടർച്ചയായ മൂന്നാം ഫൈനൽ കളിക്കുന്ന ഡൽഹി മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈയ്ക്കെതിരേ ടോസിൽ വിജയിച്ചു. ടോസ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിംഗ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം തെറ്റിയില്ല എന്ന വിധത്തിലാണ് ബൗളർമാർ പന്തെറിഞ്ഞു തുടങ്ങിയത്.
മൂന്നാം ഓവറിന്റെ അവസാന പന്തിൽ ഹെയ്ലി മാത്യൂസിനെ (മൂന്ന്) മാരിസെൻ കാപ് ക്ലീൻബൗൾഡാക്കി. റണ്ണെടുക്കാൻ മുംബൈ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. അഞ്ചാം ഓവറിൽ യാസ്തിക ഭാട്യ (എട്ട്) ജെമിമ റോഡ്രിഗസിന്റെ കൈകളിലെത്തി. കാപ്പിനായിരുന്നു ഈ വിക്കറ്റും. ഇതോടെ മുംബൈ 4.3 ഓവറിൽ രണ്ടു വിക്കറ്റിന് 14 എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ നാറ്റ് സ്കൈവർ ബ്രേന്റും ഹർമൻപ്രീതും ഒന്നിച്ചതോടെ മുംബൈ സ്കോറിൽ റണ്‍സ് എത്തിത്തുടങ്ങി.
വൻ അടികൾക്കു മുതിരാതെ സാവധാനമാണ് ഇരുവരും ബാറ്റ് വീശിയത്. 33 പന്തിൽ ഹർമൻപ്രീത് അർധ സെഞ്ചുറി കടന്നു. സ്കൈവർ ബ്രേന്റും മികച്ച ഷോട്ടുകളുമായി കളം പിടിക്കുകയാണെന്ന് തോന്നിയ ഘട്ടത്തിൽ മികച്ചൊരു ക്യാച്ചിലൂടെ മിന്നു മണി കൈക്കുള്ളിലാക്കി. ശ്രീ ചരണിയാണ് വിക്കറ്റ് നേടിയത്. 28 പന്തിൽ 30 റണ്‍സ് നേടിയ ഇംഗ്ലീഷ് ബാറ്റർ നാലു തവണ പന്ത് ബൗണ്ടറിയിലെത്തിച്ചു. 62 പന്തിൽ 89 റണ്‍സാണ് മൂന്നാം വിക്കറ്റിൽ ഹർമൻപ്രീത്- സ്കൈവർ ബ്രന്റ് സഖ്യം നേടിയത്. ഈ സഖ്യം പൊളിഞ്ഞതോടെ മുംബൈയുടെ വിക്കറ്റ് വീഴ്ചകൾ വേഗത്തിലായി.
ഒരറ്റത്ത് നിന്ന് ക്യാപ്റ്റന്‍ പിന്തുണ നൽകാൻ പിന്നാലെയെത്തിവർക്കായില്ല. അമേലിയ കെർ (രണ്ട്), സജന സജീവൻ (പൂജ്യം) എന്നിവരെ ജെസ് ജൊവാൻസണ്‍ 16-ാം ഓവറിൽ ഒരു പന്തിന്റെ ഇടവേളയിൽ പുറത്താക്കിയതോടെ അവസാന ഓവറുകളിൽ സ്കോർ ഉയർത്താമെന്ന പ്രതീക്ഷ നഷ്ടമായി. 18-ാം ഓവറിന്റെ ആദ്യ പന്തിൽ ഹർമൻപ്രീതിനെ അന്നബെൽ സതർലൻഡ് പുറത്താക്കി. 44 പന്തിൽ ഒന്‍പതു ഫോറും രണ്ടു സിക്സും സഹിതം 66 റണ്‍സ് നേടിയാണ് ക്യാപ്റ്റൻ പവലിയനിലേക്കു തിരിച്ചുകയറിയത്.
അവസാന ഓവറുകളിൽ ജി. കമാലിനി (10), അമൻജോത് കൗർ (14*), സംസ്കൃതി ഗുപ്ത (8*) എന്നിവരുടെ പ്രകടനമാണ് മുംബൈയെ 149ലെത്തിച്ചത്.
നാല് ഓവറിൽ 11 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മാരിസെൻ കാപ്പാണ് മുംബൈയെ തകർത്തത്. ജെസ് ജോവാൻസണും ശ്രീ ചരണിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച ബൗളിംഗിൽ പിടിച്ചുകെട്ടി
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് രണ്ടാം ഓവറിന്റെ അവസാന പന്തിൽ ക്യാപ്റ്റൻ മെഗ് ലാന്നിംഗിനെ (13) സ്കൈവർ ബ്രേന്റ് ക്ലീൻബൗൾഡാക്കി. അടുത്ത ഓവറിൽ ഷഫാലി വർമയെ (നാല്) ശബ്നിം ഇസ്മായിൽ വിക്കറ്റിനു മുന്നിൽ കുരുക്കി. വൈകാതെ തന്നെ ജെസ് ജോനാസെനെ (13) അമേലിയ കെർ വിക്കറ്റ്കീപ്പർ യാസ്തിക ഭാട്യയുടെ കൈകളിലെത്തിച്ചു.
സതർലൻഡിന്റെ (രണ്ട്) വിക്കറ്റ് പെട്ടെന്നു നഷ്ടമായി. ഡൽഹിക്കു പ്രതീക്ഷകൾ നൽകി ആക്രമിച്ചു കളിച്ച ജെമിമ റോഡ്രിഗസിനെ (30) സ്വന്തം പന്തിൽ കെർ പിടിച്ചു പുറത്താക്കി. പിന്നീട് സാറാ ബ്രയ്സ് റണ്ണൗട്ടായി. ആറു വിക്കറ്റിന് 83 റണ്‍സ് എന്ന തകർച്ചയെ നേരിട്ട ഡൽഹിയെ മാരിസൻ കാപ്പിന്റെ പ്രകടനം പ്രതീക്ഷകൾ നല്കി. നിക്കി പ്രസാദ് മികച്ച പിന്തുണ നല്കി. 18-ാം ഓവർ എറിയാൻ ഹർമൻപ്രീത് പന്ത് സ്കൈവർ ബ്രേന്റിന്റെ കൈയിൽ പന്തേൽപ്പിച്ചു. ഈ നീക്കം ഫലം ചെയ്തു മികച്ച രീതിയിൽ കളിച്ച കാപ്പ് (26 പന്തിൽ 40) ഹെയ്ലി മാത്യൂസിന്റെ കൈകളിലെത്തി.
40 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ടിലെത്തിയത്. അടുത്ത പന്തിൽ ശിഖ പാണ്ഡെയും പുറത്തായതോടെ ഡൽഹി തോൽവി ഉറപ്പിച്ചു. ഒരോവറിനുശേഷം മിന്നു മണിയും (നാല്) പുറത്തായി. 19-ാം ഓവറിൽ നിക്കി സിക്സ് നേടി പ്രതീക്ഷകൾ നൽകി. അവസാന ആറു പന്തിൽ ഡൽഹിക്കു ജയിക്കാൻ 14 റണ്‍സ്. സ്കൈവർ ബ്രേന്റ് എറിഞ്ഞ ഓവറിൽ അഞ്ചു റണ്‍സ് മാത്രമെടുക്കാനെ സാധിച്ചുള്ളൂ. സ്കൈവർ ബ്രേന്റ് മൂന്നും അമേലിയ കെർ രണ്ടു വിക്കറ്റും വീഴ്ത്തി.