അക്സർ ക്യാപ്റ്റൻ, ബുംറ കളിക്കില്ല
Saturday, March 15, 2025 12:00 AM IST
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടത്തിലേക്ക് ഇനിയുള്ളത് വെറും ഏഴു ദിനങ്ങളുടെ അകലം മാത്രം.
കോൽക്കത്ത ഈഡൻ ഗാർഡൻസിൽ മാർച്ച് 22നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് 2025 സീസണിലെ ഉദ്ഘാടനമത്സരം. ഡൽഹി ക്യാപ്പിറ്റൽസ് തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ 2025 സീസണിൽ ടീമുകളുടെ നായകന്മാരുടെ പട്ടിക പൂർണം.
സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ. കെ.എൽ. രാഹുൽ ക്യാപ്റ്റൻസി വേണ്ടെന്നു വച്ചതോടെ അക്സർ പട്ടേലിനു നറുക്കു വീഴുമെന്ന് ഏകദേശം ഉറപ്പായിരുന്നു. 2019 മുതൽ അക്സർ പട്ടേൽ ക്യാപ്പിറ്റൽസിനൊപ്പം ഉണ്ട്.
2024 സീസണിൽ ഡൽഹിയെ ഒരു മത്സരത്തിൽ നയിച്ച ചരിത്രവും അക്സർ പട്ടേലിനുണ്ട്. മാർച്ച് 24നു വിശാഖപട്ടണത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരേയാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ആദ്യമത്സരം. 2024 സീസണിൽ 14 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു ഡൽഹി.
ബുംറ പുറത്ത്
ഐപിഎൽ 2025 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ പേസർ ജസ്പ്രീത് ബുംറ ആദ്യമത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നു റിപ്പോർട്ട്. പരിക്കിനെത്തുടർന്ന് ജനുവരി ആദ്യവാരം മുതൽ ബുംറ വിശ്രമത്തിലാണ്. അടുത്ത മാസം ബുംറ മുംബൈ ഇന്ത്യൻസ് ക്യാന്പിൽ ചേരുമെന്നാണ് സൂചന.
അതായത് ഈ മാസം നടക്കുന്ന മുംബൈയുടെ മൂന്നു മത്സരങ്ങളിൽ ബുംറ കളിക്കില്ലെന്ന് ഏകദേശം ഉറപ്പ്.