വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്നു രാത്രി എട്ടിന്
Saturday, March 15, 2025 12:00 AM IST
മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് 2025 സീസണ് കപ്പ് പോരാട്ടം ഇന്ന്. ഇന്ത്യൻ സമയം രാത്രി എട്ടിനു നടക്കുന്ന ഫൈനലിൽ നീല ജഴ്സിക്കാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും നേർക്കുനേർ. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് കപ്പിനായുള്ള കളി.
ഡൽഹിക്കു മൂന്നാമൂഴം
ഇതുവരെ നടന്ന മൂന്നു സീസണ് ഡബ്ല്യുപിഎൽ സീസണിലും ഫൈനലിൽ പ്രവേശിച്ച ടീം എന്ന ഖ്യാതി ഡൽഹി ക്യാപ്പിറ്റൽസിനു സ്വന്തം. എന്നാൽ, കഴിഞ്ഞ രണ്ടു ഫൈനലിലും തോൽക്കാനായിരുന്നു അവരുടെ വിധി.
2023 കന്നി ഡബ്ല്യുപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് ഏഴു വിക്കറ്റിനായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിന്റെ തോൽവി. 2024 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോടും ഡൽഹി ഫൈനലിൽ തോൽവി വഴങ്ങി. എട്ടു വിക്കറ്റിനായിരുന്നു ആർസിബിയോട് ഡൽഹി പരാജയപ്പെട്ടത്.
ഇരട്ടക്കിരീടത്തിനു മുംബൈ
പുരുഷ ട്വന്റി-20യിൽ (ഐപിഎൽ) ഏറ്റവും കൂടുതൽ തവണ കപ്പടിച്ച മുംബൈ ഇന്ത്യൻസ്, വനിതാ വിഭാഗത്തിലും സമാന നേട്ടം കൈവരിക്കാനുള്ള തയാറെടുപ്പിലാണ്. മൂന്നാം ഡബ്ല്യുപിഎൽ സീസണിൽ രണ്ടാം കിരീടമാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് വനിതകളുടെ ലക്ഷ്യം. കന്നിക്കപ്പുയർത്തിയ സ്വന്തം തട്ടകമായ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ രണ്ടാം കിരീടം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്.
ബാറ്റിംഗ് Vs ബൗളിംഗ്
ഈ സീസണിൽ മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയ ടീമുകളാണ് മുംബൈയും ഡൽഹിയും. അതിൽത്തന്നെ ഏറ്റവും മികച്ച ഓൾറൗണ്ട് പ്രകടനം മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റ് ഇൻഡീസ് താരം ഹെയ്ലി മാത്യൂസിന്റേതാണ്. ഒന്‍പതു മത്സരങ്ങളിൽനിന്ന് 304 റണ്‍സും 17 വിക്കറ്റും ഹെയ്ലി മാത്യൂസ് സ്വന്തമാക്കി.
ഈ സീസണിൽ റണ്‍ വേട്ടയിൽ മൂന്നാമതും വിക്കറ്റ് വേട്ടയിൽ ഒന്നാമതുമാണ് താരം. സീസണിൽ റണ്‍ വേട്ടയിൽ ഒന്നാമതുള്ള നാറ്റ് സ്കൈവർ ബ്രണ്ട് (493 റണ്‍സ്) ആണ് മുംബൈയുടെ ബാറ്റിംഗ് കരുത്ത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 236 റണ്‍സ് നേടിയിട്ടുണ്ട്. ബൗളിംഗിൽ ന്യൂസിലൻഡ് താരം അമേലിയ കേറാണ് (16 വിക്കറ്റ്) ഹെയ്ലി മാത്യൂസിനൊപ്പം മുംബൈയുടെ ആക്രമണം നയിക്കുന്നത്. വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനക്കാരിയാണ് കേർ.
ജെസ് ജോനാസെൻ (11 വിക്കറ്റ്), ശിഖ പാണ്ഡെ (11 വിക്കറ്റ്), അന്നബെൽ സതർലൻഡ് (8 വിക്കറ്റ്) എന്നിവരാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ പോരാളികൾ. ബാറ്റിംഗിൽ ഷെഫാലി വർമ (300 റണ്‍സ്), മെഗ് ലാനിംഗ് (263) എന്നിവരാണ് ഡൽഹിയുടെ പോരാട്ടം നയിക്കുന്നത്.
ഫൈനലിലേക്കുള്ള വഴി
ലീഗ് റൗണ്ടിൽ എട്ടു മത്സരങ്ങളിൽ ഡൽഹിക്കും മുംബൈക്കും അഞ്ചു ജയം വീതമായിരുന്നു. ലീഗ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ടു പ്രാവശ്യവും മുംബൈയെ ഡൽഹി കീഴടക്കി.
ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഡൽഹി നേരിട്ടു ഫൈനലിലേക്കു മുന്നേറുകയായിരുന്നു. മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ജയന്റ്സിനെ പ്ലേ ഓഫ് എലിമിനേറ്ററിൽ 47 റണ്‍സിനു കീഴടക്കിയാണ് മുംബൈ ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്.