രഞ്ജി ട്രോഫി ഫൈനലിൽ കേരളം ഇന്നിറങ്ങും
Wednesday, February 26, 2025 1:25 AM IST
നാഗ്പുരിൽനിന്ന് എ.വി. സുനിൽ കുമാർ
നാഗ്പുർ: കേരളത്തിന്റെ ചാവേറുകൾ ഇന്നുമുതൽ വിദർഭയുടെ നിലപാടുതറയിൽ ജീവൻമരണ പോരാട്ടത്തിന്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നിക്കിരീടം വെറും സ്വപ്നം മാത്രമല്ലെന്ന് സച്ചിൻ ബേബിക്കും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്.
വിദർഭയുടെയും ജാംത സ്റ്റേഡിയത്തിലെ പിച്ചിന്റെയും ഉള്ളുകള്ളികളറിയുന്ന ആദിത്യ സർവാതെ കേരളത്തിന്റെ വജ്രായുധമാണ്. ഒപ്പം പരിധിയില്ലാത്ത ടീം സ്പിരിറ്റും.
നാഗ്പുരിലെ ജാംതയിൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ ഒന്‍പതരയ്ക്ക് മത്സരത്തിലെ ആദ്യപന്തെറിയും. മാർച്ച് രണ്ടുവരെ നീളുന്ന പോരാട്ടത്തിനായി ഇരുടീമും ദിവസങ്ങൾക്കു മുന്‍പേ നാഗ്പുരിലെത്തിയിരുന്നു. ടീം പൂർണ ഫിറ്റാണെന്ന് ടീം മാനേജ്മെന്റുകൾ അറിയിച്ചു. തോൽവി വഴങ്ങാതെയാണ് രണ്ട് ടീമും ഫൈനൽ പോരാട്ടത്തിന് അർഹത നേടുന്നത്.
68 വർഷത്തെ കാത്തിരിപ്പി നൊടുവിൽ, ദക്ഷിണമേഖലയിലെ ഏറ്റവും ദുർബലരായ ടീമെന്ന പേരുദോഷം മായ്ച്ചുകളഞ്ഞാണ് പുതുചരിത്രമെഴുതി കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശനം നേടുന്നത്. സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ടുദിവസമായി സ്റ്റേഡിയത്തിൽ മണിക്കൂറുകൾ പരിശീലനത്തിലായിരുന്നു.
അക്ഷയ് വഡ്കറിന്റെ നേതൃത്വത്തിലുള്ള, കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ വിദർഭ കണക്കുകളിൽ മുന്പിലാണെന്നു മാത്രമല്ല, സ്വന്തം മൈതാനത്ത് മത്സരിക്കുന്നു എന്ന ആത്മവിശ്വാസത്തിലുമാണ്.
ജമ്മുകാഷ്മീരിനെയും ഗുജറാത്തിനെയും കീഴടക്കിയതിന്റെ ആവേശമാണ് ഇതിനു കേരളത്തിന്റെ മറുപടി. നോക്കൗട്ടിൽ ജമ്മുകാഷ്മീരിനെ ഒരു റണ്ണിന്റെയും ക്വാർട്ടറിൽ കരുത്തരായ ഗുജറാത്തിനെ രണ്ടു റണ്ണിന്റെയും ഒന്നാമിന്നിംഗ്സ് ലീഡിലാണ് കേരളം അടിയറവു പറയിച്ചത്.
എട്ട് മത്സരങ്ങളിൽനിന്ന് രണ്ട് സെഞ്ചുറി ഉൾപ്പെടെ 86.71 ശരാശരിയിൽ 607 റണ്‍സ് അടിച്ചുകൂട്ടിയ സൽമാൻ നിസാറും ഒന്‍പത് കളികളിൽനിന്ന് ഒരു സെഞ്ചുറി ഉൾപ്പെടെ 601 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് കേരളത്തിന്റെ ബാറ്റിംഗ് കരുത്ത്.
38 വിക്കറ്റ് നേടിയ ജലജ് സക്സേനയും 30 വിക്കറ്റ് വീഴ്ത്തിയ വിദർഭയുടെ മുൻ താരമായ ആദിത്യ സർവാതെയുമാണ് ബൗളിംഗിൽ കേരളത്തിന്റെ കുന്തമുനകൾ.
കഴിഞ്ഞവർഷത്തെ ചാന്പ്യന്മാരായ മുംബൈയെ അട്ടിമറിച്ചാണ് വിദർഭ കിരീടം ലക്ഷ്യമിട്ടുള്ള മത്സരത്തിനെത്തുന്നത്. ഉജ്വല ഫോമിൽ തുടരുന്ന മലയാളി താരം കരുണ്‍ നായരാണ് കേരളം ശ്രദ്ധിക്കേണ്ട താരങ്ങളിലൊന്ന്.
എട്ടു മത്സരങ്ങളിൽ നിന്ന് 642 റണ്‍സ് നേടിയ കരുണ്‍ സെമിയിൽ മുംബൈക്കെതിരേ കാഴ്ചവച്ച നിറംമങ്ങിയ പ്രകടനം കേരളത്തിനെതിരേ കത്തിക്കയറാനുള്ള ഊർജമാക്കിയേക്കാം.
ഒന്‍പത് മത്സരങ്ങളിൽ നിന്നും 933 റണ്‍സ് നേടിയ യാഷ് റാത്തോഡ്, സീസണിൽ 66 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷ് ദുബൈ എന്നിവരും മത്സരം ഒറ്റയ്ക്കു തട്ടിയെടുക്കാൻ കെൽപ്പുള്ളവരാണ്.
ഒരുമിച്ച് പോരാടുക എന്ന ഒറ്റമന്ത്രമാണ് ഇതിനെല്ലാമായി കേരളത്തിന്റെ കൈയിലുള്ള മറുമരുന്ന്.