വീണ്ടുമൊരു പോരാട്ടത്തിനായി കേരളം
Wednesday, February 26, 2025 12:33 AM IST
നാഗ്പുർ: നാഗ്പുരിൽ വിദർഭയെ നേരിടാനൊരുങ്ങുന്ന കേരളത്തിന് വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും അനുകൂല ഘടകങ്ങളും കുറവല്ല. കിട്ടിയാലൊരു രഞ്ജി കിരീടം എന്ന സമ്മർദമില്ലായ്മതന്നെ ഏറ്റവും പ്രധാനം.
1983 ൽ കപിലിന്റെ ചെകുത്താൻമാർ ക്ലൈവ് ലോയിഡിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസിനെ നേരിട്ടപ്പോൾ ഇന്ത്യ അനുഭവിച്ചതിന്റെ ഒരു രഞ്ജി പതിപ്പ്.ഇതിനൊപ്പമാണ് വിദർഭയിൽ അവസാന മത്സരംവരെയെത്തിയ ഈ സീസണിലെ പോരാട്ടങ്ങളിൽ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കേരള കളിക്കാർ പ്രകടിപ്പിച്ച അസാധാരണമായ മനക്കരുത്ത്.
ജമ്മുകാഷ്മീരിനെതിരേ ക്വാർട്ടറിലെ മൂന്നാംദിനം ഒന്നാംതരമൊരു ഉദാഹരണം. ആദ്യ ഇന്നിംഗ്സിൽ 80 റണ്‍സിന് പിന്നിലായിരുന്ന കേരളത്തിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ടായിരുന്നു സൽമാൻ നിസാർ-ബേസിൽ തന്പി സഖ്യം.
ലീഡ് വഴങ്ങുക എന്നാൽ പുറത്താകുക എന്ന അവസ്ഥ. അന്ന് രാത്രി ടീം മീറ്റിംഗിൽ പ്രധാനചർച്ച മറ്റൊന്നാകില്ലല്ലോ. ആ സമയത്താണ് മുഖ്യപരിശീലകനും മുൻ ഇന്ത്യൻ താരവുമായ അമയ് ഖുറാസിയ ഒരു വീഡിയോ കളിക്കാരെ കാണിക്കുന്നത്.
2004ൽ ന്യൂസിലൻഡിനെതിരേ ബ്രിസ്ബേയ്നിൽ ഓസ്ട്രേലിയയുടെ ഫാസ്റ്റ്ബൗളിംഗ് ഇതിഹാസങ്ങളായ ഗ്ലെൻ മഗ്രാത്തും ജേസണ്‍ ഗില്ലപ്സിയും പത്താംവിക്കറ്റിൽ 114 റണ്‍സ് അടിച്ചെടുത്തതായിരുന്നു വീഡിയോയിൽ. ഓസ്ട്രേലിയ വിജയിച്ചത് ഈ രണ്ട ് ബൗളർമാരുടെ ബാറ്റിംഗ് പ്രകടനത്തിലൂടെയായിരുന്നു.
ക്യാപ്റ്റൻ സച്ചിൻ ബേബിക്കുപോലും ഒരു ഘട്ടത്തിൽ മുഖ്യപരിശീലകന്റെ ആത്മവിശ്വാസം അതിരുകടന്നതാണോ എന്ന സംശയമുണ്ടായിരുന്നു. ജമ്മുകാഷ്മിരിന്റെ 280 റണ്‍സിനെതിരേ കേരളം ഒന്‍പത് വിക്കറ്റിന് 200 റണ്‍സ് എന്ന നിലയിലായിരുന്നു.
പിറ്റേന്ന് ക്രീസിലെത്തിയ സൽമാൻ നിസാർ-ബേസിൽ തന്പി സഖ്യം അക്ഷരാർഥത്തിൽ അതു പ്രാവർത്തികമാക്കി. ഇരുവരും ചേർന്ന് 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കേരളത്തിന് വിലപ്പെട്ട ഒരു റണ്‍ ലീഡ് ആയി. 112 റണ്ണുമായി അപരാജിതനായി നിന്ന സൽമാൻ നിസാറിനൊപ്പം 35 പന്ത് നേരിട്ട് 15 റണ്‍സ് എടുത്ത ബേസിലിന്റെ പോരാട്ടം ടീമിനെ അടുത്ത ഘട്ടത്തിലെത്തിച്ചു.
ഗുജറാത്തിനെതിരായ സെമിയും നാടകീയത നിറഞ്ഞതായിരുന്നു. ലീഡ് നേടാനും ഫൈനലിലേക്ക് യോഗ്യത നേടാനും ഗുജറാത്തിന്റെ അവസാന വിക്കറ്റിൽ രണ്ട് റണ്‍സായിരുന്നു ആവശ്യം.
അർസാൻ നാഗസ്വാല പന്ത് ലെഗ് സൈഡിലേക്ക് വലിച്ചടിക്കുന്പോൾ സൽമാൻ നിസാറിന് ഒഴിഞ്ഞുമാറാൻ പോലുമായില്ല. ഹെൽമെറ്റിൽ തട്ടിത്തെറിച്ച് നേരേ ക്യാപ്റ്റന്റെ കൈകളിലേക്ക്. ഫൈനൽ കളിക്കാനുള്ള കേരളത്തിന്റെ നിയോഗം അങ്ങനെ സഫലമാകുകയായിരുന്നു.
അതല്ലേ ഹീറോയിസം
നാഗ്പുർ: പാതുവേ വരണ്ട കാലാവസ്ഥയാണ് വിദർഭ മേഖലയിലെങ്കിൽ സമീപദിവസങ്ങളിലും വരുംദിവസങ്ങളിലും അങ്ങനെയല്ല. 32 ഡിഗ്രി സെൽഷസായിരുന്നു ജാംത സ്റ്റേഡിയത്തിലെ ഇന്നലത്തെ താപനില. വരുംദിവസങ്ങളിൽ താപനില 37ഡിഗ്രിവരെ എത്തുമെന്നാണു കരുതുന്നത്. പ്രകൃതിയുടെ ഈ സംയമനം കളിക്കളത്തിൽ ഉണ്ടാകുമോയെന്ന് കണ്ടറിയണം.
പ്രത്യേകിച്ചും കേരളത്തിലെത്തി കേരളത്തെ കെട്ടുകെട്ടിച്ച ചരിത്രമുള്ള വിദർഭയ്ക്കു മറുപടി നൽകാൻ ഇതിലും നല്ലൊരു അവസരമില്ല. വിദർഭയിലെത്തി വിദർഭയെ കീഴടക്കി കിരീടം സ്വന്തമാക്കുക എന്ന ഹീറോയിസം. 2019 ജനുവരി അവസാനം നടന്ന ആ വർഷത്തെ രഞ്ജി സെമിഫൈനലിൽ കേരളത്തെ വിദർഭ തകർത്തെറിയുകയായിരുന്നു. വയനാട് കൃഷ്ണഗിരി സ്റ്റേജിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിലുമായി മുൻ ഇന്ത്യൻ പേസർ കടപുഴക്കിയത് 12 വിക്കറ്റുകളായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ സച്ചിൻ ബേബിക്കും വിഷ്ണു വിനോദിനും ബേസിൽ തന്പിക്കും ഒഴികെ കേരള ബാറ്റർമാർക്കൊന്നും രണ്ടക്കം കണ്ടെത്താനായില്ല. ഉമേഷ് യാദവ് ഏഴും രജനീഷ് ഗുർബാനി മൂന്നും വിക്കറ്റുകൾ പങ്കിട്ടെടുത്തതോടെ കേരളം ആദ്യ ഇന്നിംഗ്സിൽ 106 നു പുറത്തായി.കേരളത്തിനുവേണ്ടി സന്ദീപ് വാരിയർ അഞ്ചും ബേസിൽതന്പി മൂന്നും വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും വിദർഭ ആദ്യ ഇന്നിംഗ്സിൽ 208 റണ്‍സ് അടിച്ചെടുത്തു.
രണ്ടാം ഇന്നിംഗ്സിലാകട്ടെ ഉമേഷ് യാദവിനൊപ്പം യാഷ് താക്കൂറും കൂടി അപകടം വിതച്ചതോടെ കേരളം 91 ന് ഓൾ ഔട്ടായി. വിദർഭ കലാശക്കളിക്ക് അർഹ നേടുകയും ചെയ്തു. ചരിത്രത്തിലാദ്യമായി സെമിയിൽ പ്രവേശിച്ച കേരളത്തിന്റെ തുടർയാത്ര അവസാനിപ്പിച്ച വിദർഭയോട് ആറു വർഷത്തിനുശേഷം പകരം വീട്ടാൻ കേരളത്തിന് ആകുമോ?