സച്ചിനെ മറികടന്ന് RO-KO
Monday, February 24, 2025 1:34 AM IST
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവമുഖങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഒന്നിച്ചൊരുദിനം ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കറിന്റെ രണ്ടു റിക്കാര്‍ഡ് തകര്‍ത്തു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ഗ്രൂപ്പ് എയില്‍ ചിരവൈരികളായ പാക്കിസ്ഥാന് എതിരായ മത്സരത്തിനിടെയാണ് സച്ചിന് തെണ്ടുല്‍ക്കറിന്റെ രണ്ടു റിക്കാര്‍ഡ് സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മറികടന്നത്.
കോഹ്ലി അതിവേഗം 14000
ദുബായില്‍ പാക്കിസ്ഥാന് എതിരായ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ 15 റണ്‍സ് നേടിയപ്പോഴാണ് വിരാട് കോഹ്ലി അതിവേഗം രാജ്യാന്തര ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന സച്ചിന്റെ റിക്കാര്‍ഡ് പഴങ്കഥയാക്കിയത്. സച്ചിനുശേഷം രാജ്യാന്തര ഏകദിനത്തില്‍ 14,000 റണ്‍സ് നേടുന്ന രണ്ടാമതു മാത്രം ഇന്ത്യക്കാരനുമാണ് വിരാട് കോഹ്ലി.
287-ാം ഇന്നിംഗ്സിലാണ് കോഹ് ലി രാജ്യാന്തര ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചത്. പാക്കിസ്ഥാന് എതിരായ മത്സരത്തിന് ഇറങ്ങുമ്പോള്‍ കോഹ് ലിയുടെ ഏകദിന റണ്‍സ് സമ്പാജ്യം 13985 ആയിരുന്നു. 350 ഇന്നിംഗ്സില്‍ നിന്നായിരുന്നു സച്ചിന് തെണ്ടുല്‍ക്കര്‍ 14,000 ഏകദിന റണ്‍സ് നേടിയത്. 14,000 ഏകദിന റണ്‍സ് ക്ലബ്ബിലുള്ള മൂന്നാമത് മാത്രം കളിക്കാരനാണ് വിരാട് കോഹ്ലി എന്നതും ശ്രദ്ധേയം.
ശ്രീലങ്കന്‍ മുന്‍താരം കുമാര്‍ സംഗക്കാരമാത്രമാണ് ഈ ക്ലബ്ബിലുള്ള മറ്റൊരു താരം. കുമാര്‍ സംഗക്കാര 378 ഇന്നിംഗ്സില്‍നിന്നാണ് 14,000 റണ്‍സ് ക്ലബ്ബിലെത്തിയത്.
അതേസമയം, സച്ചിന് തെണ്ടുല്‍ക്കര്‍ 32-ാം വയസിലാണ് 14,000 ഏകദിന റണ്‍സ് കടന്നതെന്നതും ശ്രദ്ധേയം. വിരാട് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയപ്പോള്‍ 36 വര്‍ഷവും 110 ദിവസവും പ്രായമുണ്ട്. സംഗക്കാര 37-ാം വയസിലാണ് ഈ ക്ലബ്ബിലെത്തിയത്.
14,000 ക്ലബ്ബിലുള്ള കളിക്കാര്‍
1. സച്ചിന് തെണ്ടുല്‍ക്കര്‍ - 18,426 റണ്‍സ് (452 ഇന്നിംഗ്സ്)
2. കുമാര്‍ സംഗക്കാര - 14,234 റണ്‍സ് (380 ഇന്നിംഗ്സ്)
3. വിരാട് കോഹ്ലി - 14085 റണ്‍സ് (287 ഇന്നിംഗ്സ്)
ഓപ്പണര്‍ രോഹിത് @ 9000
ഓപ്പണര്‍ എന്ന നിലയില്‍ രാജ്യാന്തര ഏകദിനത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത് ഇന്ത്യക്കാരന് എന്ന നേട്ടം രോഹിത് ശര്‍മ സ്വന്തമാക്കി. പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ 15 പന്തില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 20 റണ്‍സ് നേടിയ ഇന്നിംഗ്സിനിടെയാണ് രോഹിത് ഓപ്പണര്‍ എന്നനിലയില്‍ 9,000 റണ്‍സ് ക്ലബ്ബിലെത്തിയത്.
സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവര്‍ക്കുശേഷം ഓപ്പണര്‍ എന്ന നിലയില്‍ 9,000 റണ്‍സ് കടക്കുന്ന മൂന്നാമത് ഇന്ത്യക്കാരനാണ് രോഹിത് ശര്‍മ.
പാക്കിസ്ഥാനെതിരേ ഒരു റണ്‍ എടുത്തപ്പോഴായിരുന്നു രോഹിത് ഈ നേട്ടത്തിലെത്തിയത്.
ഓപ്പണര്‍ എന്ന നിലയില്‍ അതിവേഗം 9000 റണ്‍സില്‍ എത്തുന്ന റിക്കാര്‍ഡില്‍ സച്ചിന് തെണ്ടുല്‍ക്കറിനെയും രോഹിത് ശര്‍മ മറികടന്നു. 181-ാം ഇന്നിംഗ്സിലാണ് രോഹിത് 9,000 റണ്‍സ് കടന്നത്. 197 ഇന്നിംഗ്സില്‍ ഈ നേട്ടത്തിലെത്തിയ സച്ചിന്റെ റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. സൗരവ് ഗാംഗുലി 231 ഇന്നിംഗ്സിലാണ് ഓപ്പണര്‍ എന്ന നിലയില്‍ 9000 റണ്‍സ് തികച്ചത്.
സച്ചിന് തെണ്ടുല്‍ക്കര്‍ (15,310), സനത് ജയസൂര്യ (12,740), ക്രിസ് ഗെയ്ൽ (10,179), ആദം ഗില്‍ക്രിസ്റ്റ് (9,200), സൗരവ് ഗാംഗുലി (9,146) എന്നിവര്‍ മാത്രമാണ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത്തിനു മുമ്പ് 9000 ക്ലബ്ബില്‍ എത്തിയത്.