പ്രോട്ടീസ് വിന്നർ
Saturday, February 22, 2025 12:15 AM IST
കറാച്ചി: ഐസിസി ചാന്പ്യൻസ് ട്രോഫി പുരുഷ ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 107 റണ്‍സിന് ദക്ഷിണാഫ്രിക്ക തകർത്തു.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി (106 പന്തിൽ 103) സെഞ്ചുറി നേടി മികച്ച സ്കോർ പടുത്തുയർത്താൻ അടിത്തറയിട്ട ഓപ്പണർ റയാൻ റിക്കൽട്ടണ് ആണ് കളിയിലെ താരം. സ്കോർ: ദക്ഷിണാഫ്രിക്ക: 315/6. അഫ്ഗാനിസ്ഥാൻ: 43.3 ഓവറിൽ 208.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റയാൻ റിക്കൽട്ടണിന്റെ (106) സെഞ്ചുറിയുടെയും ക്യാപ്റ്റൻ തെംബ ബവൗമ (58), റാസി വാൻ ഡേർ ഡസൻ (52), എയ്ഡൻ മക്രം (52) അർധസെഞ്ചുറികളുടെയും മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 315 റണ്‍സ് അടിച്ചെടുത്തു. ഓപ്പണർ ടോണി ഡി സോർസിയും ഡേവിഡ് മില്ലറും മാത്രമാണ് നിരാശപ്പെടുത്തിയത്.
എയ്ഡൻ മാര്‍ക്രത്തിന്റെ 36 പന്തിൽ 52 റണ്‍സാണ് സ്കോർ 300 കടത്തിയത്. മറുപടി ബാറ്റിംഗിൽ അഫ്ഗാന് തുടക്കം തന്നെ പതറി. 16 റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ റഹ്മത്തുള്ള ഗുർബാസിനെ 10 റണ്‍സുമായി എൻജിഡി കേശവ് മഹാരാജിന്റെ കൈകളിലെത്തിച്ചു.
അഫ്ഗാനിസ്ഥാനുവേണ്ടി രുഹ്മത് ഷാ 90 റണ്‍സ് മാത്രമാണ് ചെറുത്തുനിന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തി കഗി സോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലുങ്കി എൻഗി ഡിയും വിയാൻ മുൾഡറും ചേർന്ന് അഫ്ഗാനെ വൻ തോൽവിയിലേക്ക് തള്ളിവിട്ടു.
മാർകോ ജാൻസണ്, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് നേടി. അഫ്ഗാനിസ്ഥാനു വേണ്ടി മുഹമ്മദ് നബി രണ്ട് വിക്കറ്റും ഫസൽഹാക് ഫഹൂഖി, അസ്മത്തുള്ള ഒമർസി, നൂർ അഹമദ് എന്നിവർ ഓരോ വിക്കറ്റും നേടി.