കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് പരാജയപ്പെട്ടു
Sunday, February 16, 2025 12:18 AM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വന്‍ തോല്‍വി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലീഗ് ഷീല്‍ഡ് പോരാട്ടത്തില്‍ ഗോവയെ ഏറെ പിന്നിലാക്കാന്‍ ബഗാന് സാധിച്ചു.
ബഗാനു വേണ്ടി ജാമി മക്ലാരന് ഇരട്ട ഗോള്‍ (28', 40') നേടി. ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ (66') വകയായിരുന്നു ബഗാന്റെ മൂന്നാം ഗോൾ.
നോട്ട് ഔട്ട്
മോഹൻ ബഗാനോടു തോല്‍വി വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് പറയാം. ഈ മാസം 22നു കരുത്തരായ ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. അന്നു ജയിച്ചാല്‍ അവസാന ആറില്‍ കടക്കാനാകുമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ. 20 കളിയില്‍ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. ഏഴു ജയവും മൂന്നു സമനിലയും പത്ത് തോല്‍വിയുമാണ് ടീമിന്റെ ഇതുവരെയുള്ള പ്രകടനം.
ഒന്നിൽ തുടർന്ന് ബഗാൻ
പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ച മോഹന്‍ ബഗാന് 49 പോയിന്റുമായി ഒന്നാംസ്ഥാനത്തു തുടരുന്നു.ചെന്നൈയിനെ തറപ്പറ്റിച്ച മുന്നേറ്റ നിരയെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെയും കളത്തിലിറക്കിയത്. ജെസ്യൂസ് ഹിമെനെസ്, ഖ്വാമെ പെപ്ര കൂട്ടുകെട്ട് മുന്നേറ്റനിരയില്‍ അണിനിരന്നപ്പോള്‍ ക്യാപ്റ്റന്‍ അഡ്രിയാൻ ലൂണയാണ് മധ്യനിരയെ നയിച്ചത്.
ശക്തമായ ആക്രമണമാണ് ആദ്യമിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. നാലാം മിനിറ്റില്‍ തന്നെ കൂട്ടായ നീക്കത്തിലൂടെ ബഗാന്റെ ബോക്സില്‍ പന്ത് എത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. പ്രതിരോധ നിരതാരം സന്ദീപ് സിംഗ് ഉയര്‍ത്തി നല്കിയ പന്തില്‍ ചാടി തലവച്ച പെപ്രയുടെ നീക്കം പക്ഷേ, ഗോളായില്ല.
ആദ്യ 15 മിനിറ്റിനുള്ളില്‍ അഞ്ചിലേറെ തവണ ബോക്സില്‍ ബ്ലാസ്റ്റേഴ്സ് പന്ത് എത്തിച്ചപ്പോള്‍ ബഗാന് ഒറ്റ ആക്രമണത്തില്‍ മാത്രം ഒതുങ്ങി. 28-ാം മിനിറ്റില്‍ ബഗാന്റെ ആദ്യഗോള്‍ പിറന്നു.
ബോക്സിനുള്ളിലേയ്ക്ക് കയറിയ ലിസ്റ്റന്‍ പന്ത് ജാമി മക്ലാരന് മറിച്ചു. കൂട്ടപ്പൊരിച്ചിലുകള്‍ക്കിടയില്‍ മക്ലാരന്റെ ഇടംകാല് ഷോട്ട് ബ്ലാസ്റ്റേഴ്സ് വലയിൽ. തുടര്‍ന്ന് 40ാം മിനിറ്റില്‍ ബഗാന് രണ്ടാം ഗോളും നേടി.
മധ്യഭാഗത്ത് നിന്ന് കമ്മിന്‍സ് കൃത്യമായി ഉയര്‍ത്തി നല്കിയ പന്ത് നിലംതൊടും മുമ്പ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം നോക്കി നില്‍ക്കെ തന്നെ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ മക്ലാരന് വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് ഫിനിഷിംഗ് പാളി. 66-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ തോൽവി ഉറപ്പാക്കി ബഗാന്റെ മൂന്നാം ഗോൾ.
ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് ഇടംകാല് കരുത്തു കൊണ്ട് ആല്‍ബര്‍ട്ടോ റോഡ്രിഗസ് ബ്ലാസ്റ്റേഴ്സ് വല കുലുക്കി.