ഏകദിന റാങ്കിംഗില്‍ കിവീസ് മുന്നേറ്റം
Sunday, February 16, 2025 12:18 AM IST
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് റാങ്കിംഗില്‍ മികച്ച നേട്ടം. ഏകദിന റാങ്കിംഗില്‍ 105 പോയിന്റുമായി കീവികള്‍ നാലാം സ്ഥാനത്തെത്തി. കറാച്ചിയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ പാക്കിസ്ഥാനെതിരേ നേടിയ ജയമാണ് കീവികളെ നാലാം സ്ഥാനത്ത് എത്തിച്ചയത്.
പാകിസ്ഥാന് ഉയര്‍ത്തിയ 243 റണ്‍സ് വിജയ ലക്ഷ്യം കീവികള്‍ ഡാരല്‍ മിച്ചല്‍ (57), ക്യാപ്റ്റന്‍ ടോം ലാഥം (56) എന്നിവരുടെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
107 പോയിന്റുമായി പാക്കിസ്ഥാന് മൂന്നാം സ്ഥാനത്തുണ്ട്. ശ്രീലങ്കയ്ക്കെതിരേ 2-0ന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ 110 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരേ 3-0ന്റെ ആധികാരിക ജയം നേടിയ ഇന്ത്യ 119 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മൂന്നാംനാള്‍ ചാന്പ്യൻസ് പൂരം
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്നേക്കു മൂന്നാം നാള് പാക്കിസ്ഥാനില്‍ ആരംഭിക്കും. ചാമ്പ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരം പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണെന്നതും ശ്രദ്ധേയം. ത്രിരാഷ്ട്ര പരമ്പര ഫൈനല്‍ തോല്‍വിക്കു പകരം വീട്ടാനാകും പാക്കിസ്ഥാന്റെ ശ്രമം.
ഇന്ത്യയുടെ ആദ്യ മത്സരം 20ന് ബംഗ്ലാദേശിനെതിരേയാണ്. പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. 23നാണ് ഇന്ത്യ x പാക്കിസ്ഥാന് സൂപ്പര്‍ ഡ്യൂപ്പര്‍ പോരാട്ടം.