ഉത്തേജകത്തിൽ യാനിക് സിന്നറിനു മൂന്നു മാസം വിലക്ക്
Sunday, February 16, 2025 12:18 AM IST
ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ പുരുഷ സിംഗിള്‍സ് ടെന്നീസ് താരം ഇറ്റലിയുടെ യാനിക് സിന്നറിനു വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട സിന്നറിനെ മൂന്നു മാസത്തേക്കാണു വിലക്കിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിന്നറിന്റെ വിശദീകരണം തേടിയശേഷമാണ് നടപടി.
വിലക്ക് ഉണ്ടെങ്കിലും 2025 സീസണിലെ രണ്ടാം ഗ്രാന്സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുക്കാം. 2025ലെ ആദ്യ ഗ്രാന്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് സിന്നര്‍. ഫെബ്രുവരി ഒമ്പത് മുതല്‍ മേയ് നാല് വരെയാണ് സിന്നറിനു വിലക്ക്. മേയ് 25 മുതലാണ് ഫ്രഞ്ച് ഓപ്പണ്‍.
ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്ന് സിന്നര്‍ വിശദീകരണം നല്‍കിയിരുന്നു. മരുന്നിന്റെ ഫലമായി താരത്തിന് എന്തെങ്കിലും നേട്ടം മത്സരത്തില്‍ ഉണ്ടായിട്ടില്ലെന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് വലിയ ശിക്ഷാ നടപടികളിലേക്കു കടക്കാതിരുന്നത്.
ശിക്ഷയല്ല, സെറ്റില്‍മെന്റ്
അതേസമയം, മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സെറ്റില്‍മെന്റായാണ് മൂന്നു മാസത്തെ വിലക്ക് വാഡ ഏര്‍പ്പെടുത്തിയതെന്നതാണ് വാസ്തവം.
അതുകൊണ്ടുതന്നെ ഓസ്ട്രേലിയന്‍ പുരുഷ സിംഗിള്‍സ് താരം നിക്കോളാസ് കിര്‍ഗിയോസും സ്വിറ്റ്സര്‍ലന്‍ഡ് താരം സ്റ്റാന്‍ വാവ്റിങ്കയും വാഡയുടെ സമവായത്തിനെതിരേ രംഗത്തെത്തി. “ടെന്നീസ് ഇനി ഒരിക്കലും കറയില്ലാത്തതല്ല” എന്നാണ് വാവ്റിങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
“സിന്നറിന്റെ ടീം അദ്ദേഹത്തിന് അനുകൂലമായ വിധി സമ്പാദിച്ചു. ട്രോഫി, പ്രൈസ്മണി തുടങ്ങിയ ഒന്നും സിന്നറിനു നഷ്ടപ്പെടില്ല. ടെന്നീസിന്റെ സുതാര്യത ഇനിയില്ല”-കിര്‍ഗിയോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.