ഹാർലിക്കു വില കുറഞ്ഞേക്കും
Wednesday, March 26, 2025 11:58 PM IST
ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര ചർച്ചകളുടെ ഭാഗമായി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഹാർലി-ഡേവിഡ്സണ് മോട്ടോർസൈക്കിളുകൾ, ബർബണ്‍ വിസ്കി, കലിഫോർണിയൻ വൈൻ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു.
ചില ഉത്പന്നങ്ങളുടെ തീരുവ കൂടുതൽ കുറയ്ക്കുന്നതിനും വ്യാപാരബന്ധം വർധിപ്പിക്കുന്നതിനുമായി ഇരു രാജ്യങ്ങളും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അതുമായി ബന്ധപ്പെട്ട സ്രോതസുകൾ വ്യക്തമാക്കി.
ഹാർലി-ഡേവിഡ്സണ് മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 40 ശതമാനമായി സർക്കാർ നേരത്തേ കുറച്ചിരുന്നു. ഇപ്പോൾ, തീരുവ കൂടുതൽ കുറയ്ക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. തീരുവ കുറച്ചാൽ ഈ പ്രീമിയം ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രിയമേറും; കൂടുതൽ താങ്ങാനാവുന്നതുമാക്കും.
അതുപോലെ, ബർബണ്‍ വിസ്കിയുടെ ഇറക്കുമതി തീരുവ മുന്‍പ് 150 ശതമാനത്തിൽനിന്ന് 100 ശതമാനമായി കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഗമമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇപ്പോൾ മറ്റൊരു കുറവു കൂടി പരിഗണിക്കുന്നു.
ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം നേടുന്നതിനായി യുഎസ് സമ്മർദം ചെലുത്തുന്നതിനാൽ കലിഫോർണിയൻ വൈനും ചർച്ചകളുടെ ഭാഗമാണ്. ബർബണ്‍ വിസ്കിയും കലിഫോർണിയൻ വൈനും തീരുവ കുറച്ച് ഇന്ത്യൻ വിപണിയിലെത്തിയാൽ ലഹരി പാനീയ വിപണി കൂടുതൽ മത്സരാധിഷ്ടിതമാകും.
വ്യാപാര ചർച്ചകൾ മോട്ടോർസൈക്കിളുകളിലും ലഹരി പാനീയങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. യുഎസിൽനിന്ന് മരുന്ന് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയും വിപുലീകരിക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥതലത്തിൽ നടക്കുന്നുണ്ട്.
ഇന്ത്യയിൽ വളർന്നു വരുന്ന ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വിപണിവിഹിതം വർധിപ്പിക്കാൻ യുഎസ് താത്പര്യപ്പെടുന്നുണ്ട്. യുഎസിലേക്കുള്ള കയറ്റുമതിക്ക് അനുകൂലമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ ഉത്പന്ന ഇറക്കുമതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2020-21ൽ ഇറക്കുമതി 2,26,728.33 ലക്ഷം രൂപയായിരുന്നു.
2021-22ൽ ഇത് 78.8% വർധിച്ച് 4,05,317.35 ലക്ഷം രൂപയായി. 2022-23ൽ ഇറക്കുമതി 27.5% കുറഞ്ഞ് 2,93,642.57 ലക്ഷം രൂപയായി. 2023ൽ ഈ പ്രവണത വീണ്ടും മാറി, ഇറക്കുമതി 10.8% വർധിച്ച് 3,25,500.17 ലക്ഷം രൂപയായി.
യുഎസിൽനിന്ന് വർധിച്ചുവരുന്ന ഫാർമസ്യൂട്ടിക്കൽ ഇറക്കുമതി ആഗോളതലത്തിൽ ജനറിക് മെഡിസിൻ വിപണിയിലെ പ്രധാനികളായ ഇന്ത്യൻ മരുന്നു നിർമാതാക്കളെ ബാധിച്ചേക്കാം.