വിപണിയിൽ നേട്ടം തുടരുന്നു
Wednesday, March 26, 2025 12:59 AM IST
മുംബൈ: തുടർച്ചയായ ഏഴാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. അതേസമയം തുടക്കത്തിൽ ഒരു ശതമാനം നേട്ടത്തിൽ ആരംഭിച്ച വിപണി ആ മികവ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് ദൃശ്യമായത്.
എന്നാൽ എച്ച്ഡിഎഫ്സി, ഐടി ഓഹരികൾ ശക്തിപ്പെട്ടത് റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികളുടെ നഷ്ടങ്ങൾ നികത്തി. റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ നഷ്ടം സെൻസെക്സിൽ 724 പോയിന്റിന്റെ ഇടിവുണ്ടാക്കി.
സെൻസെക്സ് 0.04 ശതമാനം (32.81 പോയിന്റ്) ഉയർന്ന് 78,017.19 ലും നിഫ്റ്റി 0.04 ശതമാനം (10.30 പോയിന്റ്) ഉയർന്ന് 23,668.65 ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം 4.34 ലക്ഷം കോടി ഇടിഞ്ഞ് 414.79 ലക്ഷം കോടിയായി.
നിഫ്റ്റി മിഡ്കാപ് 1.6 ശതമാനത്തിന്റെയും സ്മോൾകാപ് 1.56 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി. യുഎസ് ഡോളറിൽ വരുമാനത്തിന്റെ വലിയൊരു ഭാഗം നേടുന്ന ഇന്ത്യൻ ഐടി കന്പനികൾ ഇന്നലെ മുന്നേറ്റം നടത്തി. നിഫ്റ്റി ഐടി സൂചിക 1.3 ശതമാനം ഉയർന്നു.
ഓട്ടോ, കണ്‍സ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, പൊതുമേഖലാ ബാങ്ക്, റിയൽറ്റി, ടെലികോം സൂചികകൾ ഇടിഞ്ഞു.