വർധിച്ച ഉത്പാദനച്ചെലവ് ; ഏപ്രിൽ മുതൽ മാരുതിയുടെ കാറുകൾക്ക് വില വർധിക്കും
Monday, March 17, 2025 11:38 PM IST
ന്യൂഡൽഹി: ഏപ്രിൽ മുതൽ വാഹന വിലയിൽ നാല് ശതമാനം വരെ വർധന വരുത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ. ജനുവരി, ഫെബ്രുവരി മാസങ്ങൾക്കു ശേഷം ഇത് മൂന്നാം തവണയാണ് കന്പനി വില വർധന പ്രഖ്യാപിക്കുന്നത്.
വർധിച്ചുവരുന്ന ഉത്പാദനച്ചെലവുകൾ സൃഷ്ടിക്കുന്ന നഷ്ടം കുറയ്ക്കുന്നതിനുള്ള നടപടിയാണിതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിങ്ങിൽ അറിയിച്ചു.
കഴിഞ്ഞ തവണ മാരുതി വില ഉയർത്തിയപ്പോൾ വിവിധ മോഡലുകളുടെ വില 1,500 രൂപ മുതൽ 32,500 രൂപ വരെ കൂടിയിരുന്നു. ഏത് മോഡലിന് എത്ര വില വർധന ഉണ്ടാകുമെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല.
എൻട്രി ലെവൽ ആൾട്ടോ കെ-10 മുതൽ മൾട്ടിപ്പിൾ പർപ്പസ് വെഹിക്കിൾ ഇൻവിക്റ്റോ വരെയുള്ള മോഡലുകൾ ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി വിൽക്കുന്നുണ്ട്.
ജനുവരിയിൽ മാരുതി കാറുകളുടെ വില 4 ശതമാനം വർധിപ്പിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം 2024 ഡിസംബറിലായിരുന്നു. ഫെബ്രുവരിയിലും തങ്ങളുടെ കാറുകൾക്ക് 1 ശതമാനം മുതൽ 4 ശതമാനം വരെ വില കൂട്ടി.
തിങ്കളാഴ്ച റെഗുലേറ്ററി ഫയലിംഗിലാണ് ഏപ്രിലിൽ തങ്ങളുടെ കാറുകൾക്ക് വില കൂടുമെന്ന് മാരുതി അറിയിച്ചത്. ഈ വാർത്തയ്ക്ക് പിന്നാലെ കന്പനിയുടെ ഓഹരികൾ 0.61 ശതമാനം ഉയർന്ന് 11,578.50 രൂപയായി.