അദാനിക്ക് തിരിച്ചടി; തമിഴ്നാട് ടെൻഡർ റദ്ദാക്കി
Thursday, January 2, 2025 12:00 AM IST
ചെന്നൈ: വൈദ്യുതി സ്മാർട്ട് മീറ്ററുകൾ വാങ്ങാനുള്ള ആഗോള ടെൻഡർ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ നയിക്കുന്ന സംസ്ഥാന സർക്കാർ റദ്ദാക്കി.
കരാർ തുക അധികമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഏറ്റവും കുറഞ്ഞ തുകക്ക് സ്മാർട്ട് മീറ്റർ നൽകാനുള്ള ടെൻഡറാണ് അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് നൽകിയിരുന്നത്. ഇതിനിടയിൽ തന്നെയാണ് ടെൻഡർ റദ്ദാക്കൽ.
82 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള 19,000 കോടി രൂപയുടെ കേന്ദ്ര സഹായ പദ്ധതിയാണ് ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട് എന്നിവ അടക്കം എട്ടു ജില്ലകളിൽ നടപ്പാക്കുന്നത്. കാർഷികേതര കണക്ഷനുകൾ എല്ലാം സ്മാർട്ട് മീറ്ററാക്കാനാണ് ഉദ്ദേശ്യം.
ആഗോള ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണ് കരാർ നൽകിയിരുന്നത്. എന്നാൽ, ഉയർന്ന ചെലവാണ് ടെൻഡർ റദ്ദാക്കാൻ കാരണമായി പറയുന്നത്. തുക കുറയ്ക്കാനായി പല ചർച്ചകൾ നടത്തിയെങ്കിലും അദാനി എനർജി സൊല്യൂഷൻസ് കാണിച്ച തുക കുറക്കാൻ തയാറായില്ലെന്ന് തമിഴ്നാട് ഉൗർജോത്പാദന-വിതരണ കോർപറേഷൻ വിശദീകരിക്കുന്നു. ഭരണപരമായ കാരണങ്ങൾ വിശദീകരിച്ച് മറ്റു മൂന്നു ടെൻഡറുകളും ഇതിനൊപ്പം റദ്ദാക്കി.
വിവിധ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി, മറ്റ് ആറുപേർ എന്നിവർക്കെതിരേ യുഎസ് കോടതി കുറ്റപത്രം സമർപ്പിച്ചിരുന്നു. ആ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. ഇതിനു പിന്നാലെയാണ് തമിഴ്നാട് സർക്കാറിന്റെ ടെൻഡർ റദ്ദാക്കൽ.
അദാനിയുടെ ഇടപാടുകളെക്കുറിച്ച് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സമര മുഖത്താണ്. കോണ്ഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിൽ പ്രധാന സഖ്യകക്ഷിയാണ് ഡിഎംകെ.
നേരത്തെ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി സ്റ്റാലിൻ നിഷേധിച്ചിരുന്നു.
“അദാനി എന്നെ കാണുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. ഇതിൽ കൂടുതൽ വിശദീകരണം വേണോ-’’ സ്റ്റാലിൻ സംസ്ഥാന നിയമസഭയിൽ വ്യക്തമാക്കി. തമിഴ്നാട് വൈദ്യുതി ബോർഡിന് എസ്ഇസിഐ പോലുള്ള പൊതുമേഖല സ്ഥാപനങ്ങളുമായി കരാറുണ്ട്. എന്നാൽ അദാനിയുമായില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.
അദാനി എനർജി സൊല്യൂഷൻസ് സമാനമായ പദ്ധതികൾ മഹാരാഷ്ട്രയിലും ബിഹാറിലും നടപ്പാക്കി വരുന്നുണ്ട്. ഇവിടങ്ങളിൽ നൽകിയതിനേക്കാൾ ഉയർന്ന നിരക്കാണ് തമിഴ്നാട്ടിൽ സ്മാർട്ട് മീറ്റർ ടെൻഡറിന് ക്വോട്ട് ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.