യുപിഐയിൽ ഇന്നുമുതൽ നിരവധി മാറ്റങ്ങൾ
Wednesday, January 1, 2025 12:14 AM IST
ന്യൂഡൽഹി: യുപിഐ പേയ്മെന്റുകളിൽ ഇന്നു മുതൽ നിരവധി മാറ്റങ്ങൾ വരുന്നു. ഫീച്ചർ ഫോണ് വഴിയുള്ള ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയർത്തുന്നതാണ് ആദ്യമാറ്റം.
ഉപയോക്താക്കൾക്ക് ഇന്നു മുതൽ യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയയ്ക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. നേരത്തേ ഈ പരിധി 5,000 രൂപയായിരുന്നു.
എന്നാൽ, ഫോണ് പേ, പേടിഎം, ഗൂഗിൾ പേ പോലുള്ള സ്മാർട്ട്ഫോണ് ആപ്പുകളുടെ ഇടപാട് പരിധിയിൽ മാറ്റമില്ല. ഇവയിൽ പ്രതിദിനം ഒരു ലക്ഷം രൂപ വരെ യുപിഐ ഇടപാടുകൾ നടത്താം. എന്നാൽ, മെഡിക്കൽ ബില്ലുകൾക്ക് ഈ പരിധി അഞ്ചു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
ഈ വർഷം ആരംഭിച്ച യുപിഐ സർക്കിൾ ഫീച്ചർ, ഈ വർഷം ഭീമിന് പുറമേ മറ്റ് യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ ഭീം ആപ്പിന്റെ ഉപയോക്താക്കൾക്ക് മാത്രമാണ് യുപിഐ സർക്കിൾ സേവനമുള്ളത്.
പ്രത്യേക ഇടപാടുകൾ നടത്താൻ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ അനുമതി നൽകുന്നതാണ് സേവനം. ഇങ്ങനെ യുപിഐ സർക്കിളിൽ ചേർക്കുന്ന സെക്കൻഡറി ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെതന്നെ പേയ്മെന്റുകൾ നടത്താൻ കഴിയും.
എന്നാൽ, ഇത്തരക്കാർക്ക് ഓരോ പേയ്മെന്റിനും പ്രൈമറി ഉപയോക്താവ് അനുമതി നൽകണം, അല്ലെങ്കിൽ ഉപയോക്താക്കൾക്ക് ചെലവഴിക്കുന്നതിന് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം.