കാനഡയെ നയിക്കാൻ മാർക്ക് കാർണി
Tuesday, March 11, 2025 12:50 AM IST
ഒട്ടാവ: സാന്പത്തികവിദഗ്ധനും രാഷ്ട്രീയത്തിൽ നവാഗതനുമായ മാർക്ക് കാർണി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകും.
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിപദം രാജിവയ്ക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ അന്പത്തൊന്പതുകാരനായ കാർണി 86 ശതമാനം വോട്ടുകളോടെ വിജയിച്ചു.
മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് ആയിരുന്നു എതിരാളി. കാനഡയ്ക്കുമേൽ അനാവശ്യ ചുങ്കം ചുമത്തുന്ന യുഎസ് പ്രസിഡന്റ് ട്രംപിനോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണു കാർണി തെരഞ്ഞെടുപ്പിനുശേഷം വ്യക്തമാക്കിയത്.
കനേഡിയൻ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് കാനഡയുടെയും ബ്രിട്ടീഷ് സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണർപദവി വഹിച്ചിട്ടുള്ള കാർണി രാഷ്ട്രീയത്തിൽ സജീവമായിട്ടു കുറച്ചുകാലമേ ആയിട്ടുള്ളൂ.
ഒന്പതു വർഷം കാനഡ ഭരിച്ച ജസ്റ്റിൻ ട്രൂഡോ, ജനപ്രീതി ഇടിഞ്ഞുവെന്ന് അഭിപ്രായ സർവേകളിൽ ബോധ്യപ്പെട്ട പശ്ചാത്തലത്തിൽ ജനുവരിയിൽ പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.
കാനഡയെ അമേരിക്കൻ സംസ്ഥാനമാക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം നടക്കില്ലെന്നു കാർണി വ്യക്തമാക്കി. “കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല. അനാവശ്യ ചുങ്കം ചുമത്തുന്ന ട്രംപ് കാനഡയിലെ തൊഴിലാളികളെയും കുടുംബങ്ങളെയും വ്യവസായങ്ങളെയും ആക്രമിക്കുകയാണ്.
ട്രംപ് ജയിക്കാൻ പാടില്ല. ട്രംപിനു മറുപടിയായി ജസ്റ്റിൻ ട്രൂഡോ ഏർപ്പെടുത്തിയ ചുങ്കങ്ങൾ എന്റെ സർക്കാർ തുടരും. കാനഡയെ ബഹുമാനിക്കാൻ അമേരിക്ക പഠിക്കുന്നതുവരെ പോരാട്ടം തുടരും”- കാർണി കൂട്ടിച്ചേർത്തു.
പാർലമെന്റ് അംഗമല്ലാത്ത കാർണി വരുന്ന ആഴ്ചകളിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. നിലവിലെ സർക്കാരിന്റെ കാലാവധി ഒക്ടോബറിൽ അവസാനിക്കും. ട്രംപിന്റെ നയങ്ങൾ കാനഡയിലെ ഭരണകക്ഷിക്കു ഗുണകരമായേക്കും