സിറിയൻ സേന അലാവികളെ കൂട്ടക്കൊല ചെയ്യുന്നു
Monday, March 10, 2025 1:52 AM IST
ഡമാസ്കസ്: സിറിയയിൽ പലായനം ചെയ്ത മുൻ പ്രസിഡന്റ് ബഷാൽ അൽ അസാദിന്റെ അലാവി സമുദായത്തിനെതിരേ സർക്കാർസേന നടത്തുന്ന സൈനിക നടപടിയിൽ വൻ തോതിൽ സാധാരണക്കാർ കൊല്ലപ്പെടുന്നു. വെള്ളി, ശനി ദിവസങ്ങളിൽ 745 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതായി സിറിയൻ ഒബ്സർവേറ്ററി എന്ന സന്നദ്ധസംഘടന അറിയിച്ചു.
സർക്കാർ സേനയ്ക്കു പുറമേ, സിറിയയിലെ പുതിയ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സായുധ സംഘടനകളും അലാവികളെ ആക്രമിക്കുന്നുണ്ട്. അസാദിന്റെ ക്രൂരഭരണത്തിനെതിരായ പ്രതികാരമാണ് ഇവർ നിർവഹിക്കുന്നതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. തുറമുഖ പ്രദേശങ്ങളായ ലഡാകിയ, ടാർട്ടർ എന്നിവടങ്ങളിൽനിന്ന് അലാവികൾ കൂട്ടപ്പലായനം ആരംഭിച്ചു. ഇതിനിടെ സിറിയൻ ഭരണാധികാരി അഹമ്മദ് അൽ ഷാര സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തു രംഗത്തുവന്നു.
അലാവികളുടെ ശക്തികേന്ദ്രമായ ലഡാകിയയിലും ടാർട്ടറിലും വ്യാഴാഴ്ചയാണു സൈനിക നടപടി ആരംഭിച്ചത്. അസാദിന്റെ കാലത്ത് പട്ടാളത്തിലുണ്ടായിരുന്നവർ സർക്കാർ സേനയെ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സർക്കാർ സേനയെ പിന്തുണച്ച് സായുധ ഗ്രൂപ്പുകളും രംഗത്തിറങ്ങി. അലാവികളെ ലക്ഷ്യമിട്ട് 30 കൂട്ടക്കൊലകൾ നടന്നുവെന്നാണു സിറിയൻ ഓബ്സർവേറ്ററി അറിയിച്ചത്. ഇരുഭാഗത്തെയും നാശം കണക്കിലെടുത്താൻ മരണസംഖ്യ ആയിരത്തിനു മുകളിൽ വരും. സർക്കാർ സേനയിലെ ഇരുനൂറോളം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമങ്ങളിൽ ഞടുങ്ങിയ അലാവി സമുദായക്കാർ അയൽരാജ്യമായ ലബനനിലേക്കു പലായനം തുടങ്ങി. കുറേപ്പേർ ലഡാകിയയിലെ റഷ്യൻ സൈനിക താവളത്തിൽ അഭയം തേടാൻ ശ്രമിച്ചു. അസാദിന്റെ ഭരണകാലത്ത് അധികാരവും ഉന്നതപദവികളും കൈയാളിയിരുന്ന അലാവികൾ സിറിയൻ ജനസംഖ്യയുടെ പത്തു ശതമാനമേയുള്ളൂ.
സിറിയയുടെ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കണമെന്നും എല്ലാവർക്കും ഒരുമിച്ചു ജീവിക്കാനാകുമെന്നും ഇടക്കാല പ്രസിഡന്റ് അൽ ഷാര ഇന്നലെ പറഞ്ഞു. ഡിസംബറിൽ അൽ ഷാര നേതൃത്വം നല്കിയ വിമതർ ഭരണം പിടിച്ചെടുത്തതോടെ അസാദ് റഷ്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.