പുഷ്പ-2 റിലീസിംഗ് ദിനത്തിലെ അപകടം: അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം
Monday, December 23, 2024 4:23 AM IST
ഹൈദരാബാദ്: പുഷ്പ -2 സിനിമയുടെ റിലീസിംഗ് ദിനത്തിൽ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ചിത്രത്തിലെ നായകൻ അല്ലു അര്‍ജുന്റെ ഹൈദരാബാദ് ജൂബിലി ഹില്ലിലെ വസതിക്കുനേരേ അതിക്രമം. ഒസ്മാനിയ സർവകലാശാല ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങളെന്ന് അവകാശപ്പെട്ട ഒരുകൂട്ടം യുവാക്കള്‍ വീട്ടിലേക്ക് ഇരച്ചുകയറി കല്ലുകളും തക്കാളിയും വലിച്ചെറിയുകയായിരുന്നു.
ചെടിച്ചട്ടി ഉൾപ്പെടെ തല്ലിത്തകർത്ത സംഘം കൊല്ലപ്പെട്ട സ്ത്രീക്ക് നീതി വേണമെന്ന മുദ്രാവാക്യവും മുഴക്കി. നടന്റെ അനാസ്ഥയിലും പ്രതിഷേധിച്ചു. കോടികൾ മുടക്കി നിർമിച്ച സിനിമ കാണാനെത്തുന്നവർ കൊല്ലപ്പെടുകയാണ് എന്നതുൾപ്പെടെ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഒയു-ജെഎസി എന്നപേരിലുള്ള സംഘടന നേരത്തേ തെലുങ്കാന സമരത്തിലും സജീവമായി ഇടപെട്ടിരുന്നു.
സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ നാലിന് പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന വീട്ടമ്മ മരിച്ചിരുന്നു. ഇവരുടെ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പോലീസ് അനുമതി നിഷേധിച്ചിട്ടും ഉദ്ഘാടനദിവസം നടൻ തിയറ്ററിൽ എത്തിയതാണ് തിരക്കിനു കാരണമായത്. ഇതാണു പ്രതിഷേധത്തിൽ കലാശിച്ചത്.
തിയറ്ററിലെ തിക്കിലും തിരക്കിലും വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ നടനെതിരേയുള്ള കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടമുണ്ടായ സന്ധ്യ തിയറ്ററിലെ ജീവനക്കാരും കേസിൽ പ്രതികളാണ്. ഇതിൽ രണ്ടു ജീവനക്കാരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അല്ലു അർജുനും അറസ്റ്റിലായി. ഒരുദിവസം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് ജാമ്യം ലഭിച്ച് നടൻ പുറത്തിറങ്ങിയത്.
സംഭവത്തിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ അല്ലു അർജുനെതിരേ കഴിഞ്ഞദിവസം തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും പ്രതികരിച്ചിരുന്നു. അനുമതിയില്ലാതെയാണ് അല്ലു അർജുൻ തിയറ്ററിൽ എത്തിയതെന്നും തിയറ്ററിലേക്ക് വരുന്പോഴും പോകുന്പോഴും വാഹനത്തിന്റെ സൺറൂഫിലൂടെ നടൻ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്ക് കൂടുന്നതിന് ഇതാണു കാരണമായത്. യുവതിയുടെ മരണവിവരം അറിയിച്ചശേഷവും തിയേറ്റർ വിടാതിരുന്ന അല്ലു അർജുനെ പോലീസ് നിർബന്ധിപ്പിച്ചാണ് പുറത്തിറക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതെല്ലാം നടൻ കഴിഞ്ഞദിവസം നിഷേധിക്കുകയും ചെയ്തു. തിയറ്റർ നടത്തിപ്പുകാരുടെ അപേക്ഷയിൽ പോലീസ് അനുവാദം നൽകിയിരുന്നുവെന്നും അവർ പറഞ്ഞതിനാലാണു തിയറ്ററിനുള്ളിൽ കടന്നതെന്നുമായിരുന്നു അല്ലു അർജുന്റെ വാദം.
ഇതിനിടെ ഇന്നലെ തിയറ്ററിലെ ദൃശ്യങ്ങൾ തെലുങ്കാന പോലീസ് പുറത്തുവിട്ടു. സംഭവത്തെക്കുറിച്ച് നടനും പോലീസും വ്യത്യസ്തമായ വിശദീകരണം തുടരുന്നതിനിടെയാണു നിർണായക നീക്കം. നടനെ പോലീസ് സംഘം പുറത്തേക്ക് കൊണ്ടുവരുന്നതുൾപ്പെടെ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ സി.വി. ആനന്ദാണു ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.