പുതിയ ‘മസ്ജിദ് തർക്കങ്ങൾ’ അംഗീകരിക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി
Saturday, December 21, 2024 2:41 AM IST
പൂന: ‘ക്ഷേത്ര-മസ്ജിദ് തർക്കങ്ങൾ’ വ്യാപിക്കുന്നതിൽ ആശങ്കയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
അയോധ്യ രാമക്ഷേത്ര നിർമാണത്തിനു ശേഷം ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നാൽ ഹിന്ദുക്കളുടെ നേതാവാകാമെന്നു ചിലർ വിശ്വസിക്കുന്നതായും മോഹൻ ഭാഗവത് പറഞ്ഞു. പൂനയില് ഇന്ത്യ-വിശ്വഗുരു എന്ന വിഷയത്തിൽ പ്രഭാഷണപരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“ വളരെക്കാലമായി നമ്മൾ സാഹോദര്യത്തിലാണു ജീവിക്കുന്നത്. ഈ സാഹോദര്യം ലോകത്തിന് നൽകണമെങ്കിൽ അതിൽ മാതൃകയാവേണ്ടതുണ്ട്. രാമക്ഷേത്ര നിർമാണത്തിനു ശേഷം പുതിയ സ്ഥലങ്ങളിൽ സമാന തർക്കം ഉയർത്തിക്കൊണ്ടു വന്നാൽ ഹിന്ദുക്കളുടെ നേതാവാകാമെന്നാണു ചിലർ കരുതുന്നത്. ഇത് അംഗീകരിക്കാനാവില്ല.
എല്ലാ ഹിന്ദുക്കളുടെയും വിശ്വാസപ്രശ്നമായതിനാലാണു രാമക്ഷേത്രം നിർമിച്ചത്. ഓരോ ദിവസവും പുതിയ വിഷയം (തർക്കം) ഉയർന്നുവരുന്നു. ഇത് എങ്ങനെ അനുവദിക്കും? ഇത് തുടരാനാവില്ല. നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് ഇന്ത്യ കാണിക്കേണ്ടതുണ്ട്’’- അദ്ദേഹം പറഞ്ഞു.
അടുത്തകാലത്ത് ഉയർന്നുവന്ന ക്ഷേത്ര-മസ്ജിദ് തർക്കങ്ങളെയൊന്നും പേരെടുത്ത് പറയാതെയായിരുന്നു ഭാഗവതിന്റെ പ്രഭാഷണം. രാജ്യം പ്രവർത്തിക്കുന്നതു ഭരണഘടനാനുസൃതമായാണ്. ജനങ്ങളുടെ പ്രതിനിധികളാണ് സർക്കാരിനെ ചലിപ്പിക്കുന്നത്. സമഗ്രാധിപത്യത്തിന്റെ നാളുകൾ കഴിഞ്ഞുപോയെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ഇന്ത്യയിൽ മതസ്പർധ ഉണ്ടാക്കിയതു ബ്രിട്ടീഷുകാരാണെന്ന വിചിത്രവാദവും ഭാഗവത് ഉയർത്തി.
അയോധ്യ രാമക്ഷേത്രം ഹിന്ദുക്കൾക്ക് നൽകണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ബ്രിട്ടീഷുകാർ രണ്ട് സമുദായങ്ങൾക്കിടയിൽ വിള്ളൽ ഉണ്ടാക്കുകയായിരുന്നു. അന്നുമുതലാണ് ഈ സ്പർധ ഉടലെടുത്തത്. അതിന്റെ ഫലമായാണു പാക്കിസ്ഥാൻ നിലവിൽ വന്നത്- അദ്ദേഹം പറഞ്ഞു.
ആരാണ് ന്യൂനപക്ഷം, ആരാണ് ഭൂരിപക്ഷം? ഇവിടെ എല്ലാവരും തുല്യരാണ്. എല്ലാവർക്കും അവരവരുടെ ആരാധനാരീതികൾ പിന്തുടരാം എന്നതാണ് ഈ രാജ്യത്തിന്റെ പാരമ്പര്യം. യോജിപ്പിൽ ജീവിക്കുകയും ചട്ടങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്യുക എന്നതാണ് ആവശ്യമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.