ഭരണഘടനയിൽനിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി
Tuesday, November 26, 2024 2:51 AM IST
ന്യൂഡൽഹി: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് "മതേതരത്വം’, "സോഷ്യലിസം’ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭേദഗതി നടന്നിട്ട് ഏകദേശം 44 വർഷങ്ങൾക്കുശേഷം അതിനെ വെല്ലുവിളിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
1976ൽ പാസാക്കിയ 42-ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഒരുകൂട്ടം റിട്ട് ഹർജികളിൽ വിധി പറയാൻ കഴിഞ്ഞ 22ന് കോടതി മാറ്റിവച്ചിരുന്നു.
മതേതരത്വം എന്ന ആശയം സമത്വത്തിനുള്ള അവകാശത്തിന്റെ ഒരു വശത്തെ പ്രതിനിധീകരിക്കുന്നു. സോഷ്യലിസം സാന്പത്തികവും സാമൂഹികവുമായ നീതിയുടെ തത്വം ഉൾക്കൊള്ളുന്നു, അതിൽ സാന്പത്തികമോ സാമൂഹികമോ ആയ സാഹചര്യങ്ങൾ കാരണം ഒരു പൗരനും കുറവുണ്ടാകില്ലെന്ന് ഭരണകൂടം ഉറപ്പാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഭരണഘടനയുടെ ആമുഖത്തിൽ ഈ രണ്ടു പദങ്ങൾ കൂട്ടിച്ചേർത്തത്, മാറി മാറി വരുന്ന ഭരണകൂടങ്ങൾക്ക് നയരൂപീകരണത്തിനോ ഭരണഘടനാപരമായ അവകാശങ്ങൾക്കോ വെല്ലുവിളിയാകുന്നില്ലെങ്കിൽ ഹർജികളിൽ കൂടുതൽ പരിശോധന ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
42-ാം ഭേദഗതി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ അടിയന്തരാവസ്ഥക്കാലത്തെ പല തീരുമാനങ്ങളും തെറ്റല്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു. അതോടൊപ്പം മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
42-ാം ഭേദഗതിയിലൂടെ അടിയന്തരാവസ്ഥകാലത്ത് "സോഷ്യലിസം’, "മതേതരത്വം’ എന്നീ പദങ്ങൾ ഭരണഘടനയുടെ ഭാഗമാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും ഇവ ഭരണഘടനയിൽനിന്നു നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വനി ഉപാധ്യായ, ബൽറാം സിംഗ് എന്നിവരാണു കോടതിയെ സമീപിച്ചത്.