അദാനിയിൽ സ്തംഭിച്ച് ആദ്യദിനം
Tuesday, November 26, 2024 2:51 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം ലോക്സഭയും രാജ്യസഭയും പൂർണമായി സ്തംഭിച്ചു.
പഴയ പാർലമെന്റിലെ (സംവിധാൻ സദൻ) സെൻട്രൽ ഹാളിൽ ഇന്നു നടക്കുന്ന ഭരണഘടനാ ദിനാഘോഷം പ്രമാണിച്ച് ഇന്ന് ഇരുസഭകൾക്കും അവധി നൽകിയതിനാൽ നാളെ രാവിലെയാകും ഇനി പാർലമെന്റ് സമ്മേളിക്കുക.അദാനി ഗ്രൂപ്പിന്റെ അഴിമതി, കൈക്കൂലി, സാന്പത്തിക ക്രമക്കേടുകൾ എന്നിവയെക്കുറിച്ചു ചർച്ച ചെയ്യണമെന്ന് ലോക്സഭയും രാജ്യസഭയും ഇന്നലെ രാവിലെ ചേർന്നയുടൻ പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടു കേസ് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് സർക്കാർ വഴങ്ങാത്തതിനെത്തുടർന്ന് സമ്മേളനത്തിന്റെ തുടക്കം മുതൽ സഭ പാടെ സ്തംഭിച്ചു.
സഭാനടപടികൾ നിർത്തിവച്ച് അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നോട്ടീസ് നൽകിയിരുന്നു. മണിപ്പുരിലെയും യുപിയിലെ സംബാലിലെയും അക്രമങ്ങൾ ചർച്ച ചെയ്യാനും ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ജനങ്ങൾക്കു സഹായം നൽകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാനും കേരള എംപിമാർ ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിരുന്നു.
അദാനി വിഷയത്തിൽ ഉൾപ്പെടെ ചർച്ച ആവശ്യപ്പെട്ട് ചട്ടം 267 പ്രകാരം 13 നോട്ടീസുകൾ ലഭിച്ചതായി ചെയർമാൻ ധൻകർ രാജ്യസഭയിൽ പറഞ്ഞു. എന്നാൽ ഇവ അനുവദിക്കാനാകില്ലെന്ന് അധ്യക്ഷൻ അറിയിച്ചതോടെ പ്രതിപക്ഷം ബഹളം തുടങ്ങി.
അദാനി വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റതോടെ നാളെ രാവിലെ ചേരുന്നതുവരെ സഭ പിരിഞ്ഞതായി സ്പീക്കർ ഓം ബിർല അറിയിച്ചു.
രാജ്യസഭയിലും രാവിലെ പ്രതിപക്ഷം അദാനി വിഷയം ഉയർത്തിയതോടെ 11.15 വരെ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം അദാനി ചർച്ച ആവശ്യപ്പെട്ടതോടെ നാളത്തേക്കു പിരിഞ്ഞതായി ചെയർമാൻ ജഗദീപ് ധൻകർ അറിയിച്ചു.