പള്ളിത്തർക്കം: ഉദ്യോഗസ്ഥർക്കെതിരേയുള്ള ഹൈക്കോടതി നടപടി തടഞ്ഞ് സുപ്രീംകോടതി
Tuesday, November 26, 2024 2:51 AM IST
ന്യൂഡൽഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി. സർക്കാരുകൾക്ക് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാമോ എന്ന വിഷയത്തിൽ ഡിസംബർ മൂന്നിന് കോടതി വാദം കേൾക്കും.
പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രധാന കേസ് ഇനി പരിഗണിക്കില്ലെന്നും സർക്കാരുകൾക്ക് മതസ്ഥാപനം ഏറ്റെടുക്കാൻ സാധിക്കുമോ എന്ന വിഷയം മാത്രമായിരിക്കും ഡിസംബറിൽ പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രതികരണവും കോടതി തേടി.
ഓർത്തഡോക്സ്- യാക്കോബായ തർക്കത്തിൽ ഉൾപ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഇരുപതോളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.
ഇതു ചോദ്യം ചെയ്താണ് ഉദ്യോഗസ്ഥർ സുപ്രീംകോടതിയെ സമീപിച്ചത്. പള്ളികളിൽ പ്രവേശിക്കാനും ശുശ്രൂഷകൾ നടത്താനും സംരക്ഷണം നൽകാൻ നിർദേശം നൽകിയിട്ടും നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭാംഗങ്ങൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിർദേശം.