ഭരണഘടനാ വാർഷികം: പ്രതിപക്ഷനേതാക്കളെ ഒഴിവാക്കിയതിൽ പ്രതിഷേധം
Tuesday, November 26, 2024 2:51 AM IST
ന്യൂഡൽഹി: ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികദിനമായ ഇന്നു പാർലമെന്റിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ലാത്തതിൽ പ്രതിഷേധം.
ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിൽനിന്ന് രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കിയ നടപടിക്കെതിരേ പ്രതിപക്ഷ "ഇന്ത്യ’മുന്നണിയിലെ നേതാക്കൾ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തെഴുതി. ഇരുസഭകളിലെയും പ്രതിപക്ഷസ്ഥാനം ഭരണഘടനാപരമായ പദവിയാണെന്നും അർഹമായ പ്രാധാന്യം നൽകി ചടങ്ങിനെ അഭിസംബോധന ചെയ്യാനായി ക്ഷണം നൽകണമെന്നും പ്രതിപക്ഷനേതാക്കൾ ആവശ്യപ്പെട്ടു.
നിലവിൽ രാഷ്ട്രപദി ദ്രൗപതി മുർമുവിനും ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണു പഴയ പാർലമെന്റ് കെട്ടിടത്തിലെ സെൻട്രൽ ഹാളിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ പ്രധാനമന്ത്രി ഇവിടെവച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യില്ലെന്ന് സൂചനയുണ്ട്.
പകരം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ, ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ എന്നിവരുടെ സാന്നിധ്യത്തിൽ സുപ്രീംകോടതിയിൽ നടക്കുന്ന ചടങ്ങിലായിരിക്കും പ്രധാനമന്ത്രി പ്രസംഗിക്കുക.
ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾക്കുകൂടി സംസാരിക്കാൻ അനുവാദം നൽകണമെന്ന് സ്പീക്കർക്കു നൽകിയ കത്തിൽ എംപിമാരായ കനിമൊഴി, സുപ്രിയ സുലെ, പി. സന്തോഷ് കുമാർ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഒപ്പുവച്ചു.