ഫഡ്നാവിസ് മുഖ്യമന്ത്രിയാകും
Tuesday, November 26, 2024 2:51 AM IST
മുംബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനത്തേക്കു ഫഡ്നാവിസിന്റെ പേരിന് ബിജെപി ഹൈക്കമാൻഡ് അംഗീകാരം നല്കിയെന്നാണു സൂചന. ശിവസേന (ഷിൻഡെ) നേതാവ് ഏക്നാഥ് ഷിൻഡെ, എൻസിപി (അജിത്) നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.
രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനം നല്കണമെന്ന ഷിൻഡെയുടെ ആവശ്യം ബിജെപി നേതൃത്വം പരിഗണിച്ചില്ല. 132 സീറ്റോടെ ബിജെപി തിളക്കമാർന്ന വിജയം നേടിയതോടെ ഷിൻഡെയുടെ വിലപേശൽശക്തി കുറഞ്ഞു. കേവലഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ മാത്രം കുറവാണ് ബിജെപിക്കുള്ളത്. 57 സീറ്റാണു മഹായുതിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്കുള്ളത്. അജിത് പവാറിന്റെ പിന്തുണ ഫഡ്നാവിസിനായിരുന്നു.
41 അംഗങ്ങളാണ് അജിത് പക്ഷ എൻസിപിക്കുള്ളത്. മുന്തിയ വകുപ്പുകളക്കം 12 മന്ത്രിസ്ഥാനമാണ് ഷിൻഡെ പക്ഷത്തിനു ലഭിക്കുക. എൻസിപിക്ക് പത്തു മന്ത്രിസ്ഥാനം കിട്ടിയേക്കും. 43 മന്ത്രിസ്ഥാനങ്ങളിൽ പകുതിയോളം ബിജെപി സ്വന്തമാക്കുമെന്നാണു റിപ്പോർട്ട്.
അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നാണ് മുതിർന്ന ശിവസേന നേതാവ് പ്രതികരിച്ചത്. ഷിൻഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്കണമെന്ന് പാർട്ടി ഒന്നടങ്കം ആവശ്യപ്പെടുന്നു. ബിഹാർ മാതൃകയാക്കി ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേന നേതാക്കളുടെ ആവശ്യം. ബിഹാറിൽ ചെറിയ കക്ഷിയായ ജെഡി-യുവിന്റെ നേതാവ് നിതീഷ്കുമാറിനെ മുഖ്യമന്ത്രിയാക്കിയ കാര്യം ശിവസേന ചൂണ്ടിക്കാട്ടുന്നു.
മഹായുതിയെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച ലഡ്കി-ബഹിൻ യോജന ഷിൻഡെയുടെ ആശയമായിരുന്നുവെന്നു പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഫഡ്നാവിസിന് അജിത് പവാർ പിന്തുണ പ്രഖ്യാപിച്ചതോടെ ഷിൻഡെയ്ക്കു മുന്നിൽ മറ്റു മാർഗങ്ങളില്ല. പ്രതിപക്ഷം തീർത്തും ദുർബലമായതോടെ മറുകണ്ടം ചാടിയിട്ടും പ്രയോജനമില്ല.