സംബാൽ സംഘർഷം: എസ്പി എംപിക്കെതിരേ കേസ്: 25 പേർ അറസ്റ്റിൽ
Tuesday, November 26, 2024 2:51 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ സംബാലിൽ മസ്ജിദിൽ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധം അക്രമത്തിൽ കലാശിച്ചതിനെത്തുടർന്ന് സമാജ്വാദി പാര്‍ട്ടി എംപി സിയ ഉർ റഹ്മാൻ ബരാക് ഉൾപ്പെടെ 400 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ വെടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾകൂടി ഇന്നലെ മരണത്തിനു കീഴടങ്ങി. ഇതോടെ മരണസംഖ്യ നാലായി.
സംഘർഷത്തിന്റെ പേരിൽ 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് എഫ്ഐആറുകളാണ് തയാറാക്കിയിരിക്കുന്നത്. എംപിക്കുപുറമേ സമാജ്വാജി പാർട്ടി എംഎൽഎ ഇക്ബാൽ മഹമൂദിന്റെ മകൻ സുഹൈൽ ഇക്ബാൽ ഉൾപ്പെയുള്ളവർക്കെതിരേയാണു കേസ്.
നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച അധികൃതർ ഈ മാസം 30 വരെ പുറത്തുനിന്നുള്ളവർക്ക് നഗരത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. സംബാൽ മേഖലയിൽ ഇന്റർനെറ്റ് സേവനവും റദ്ദാക്കി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘർഷത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടു. ലാത്തിച്ചാർജിലും കല്ലേറിലും പോലീസുകാരടക്കം ഇരുനൂറോളം പേർക്ക് പരിക്കേറ്റു. ഭൂരിഭാഗവും ചികിത്സയിൽ തുടരുകയാണ്.
അതേസമയം വെടിവയ്പിനുപിന്നിൽ ആരാണ് എന്നതിൽ വ്യക്തതയില്ല. പോലീസും പ്രക്ഷോഭകാരികളും വിഷയത്തിൽ പരസ്പരം പഴിചാരുകയാണ്. വെടിവയ്പ് ഉൾപ്പെടെ അക്രമത്തിനു പിന്നിൽ പോലീസാണെന്നാണ് എംപിയുടെ ആരോപണം.
വെടിവയ്പിനായി പോലീസ് സ്വന്തം തോക്കുകൾ അല്ല ഉപയോഗിച്ചത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഗൂഢാലോചനയെത്തുടർന്നാണെന്നും അദ്ദേഹം ആരോപിച്ചു.
സിയ ഉര് റഹ്മാൻ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെന്നും വീഡിയോദൃശ്യങ്ങളിൽ ഇതു വ്യക്തമാണെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പറഞ്ഞു. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്നും തെരഞ്ഞെടുപ്പ് ക്രമക്കേടുകളിൽനിന്നു ശ്രദ്ധതിരിക്കുകയാണ് ലക്ഷ്യമെന്നും അഖിലേഷ് യാദവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
നാടൻ തോക്കിൽനിന്നു വെടിയേറ്റാണ് മൂന്നുപേരുടെയും മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി ഡിവിഷണൽ കമ്മീഷണർ ആഞ്ജനേയ് കുമാർ സിംഗ് അറിയിച്ചു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
പോലീസും പ്രാദേശിക ഭരണകൂടവുമാണ് സംഘർഷത്തിന്റെ ഉത്തരവാദികളെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി പറയുന്നു. മോസ്കിൽ കഴിഞ്ഞദിവസം നടന്നത് കോടതി ഉത്തരവിനെത്തുടർന്നുള്ള സർവേയല്ല. നിയമവിരുദ്ധമായാണു സർവേ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനു പിന്നാലെ സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തു.
മുഗള്‍ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജുമാ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ് സംഘർഷത്തിനു കാരണം. 1529ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഭാഗികമായി തകര്‍ത്തെന്ന് പറയപ്പെടുന്ന ഹരിഹര്‍ മന്ദിറിന്റെ മുകളിലാണ് മോസ്ക് എന്ന് ആരോപിച്ച് ഒരുവിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്ന് കോടതി നിർദേശപ്രകാരം സർവേ നടത്താനെത്തിയ സംഘത്തെ തടഞ്ഞതാണ് സംഘർഷത്തിനു വഴിതുറന്നത്.