കുളിമുറിക്കു വാതിലില്ല, തുണി മാറുന്നിടത്ത് ഒളികാമറയും; വാര്‍ഡനു വൈകുന്നേരങ്ങളില്‍ മസാജിങും നടത്തണം! ബാലികാ ഭവനത്തിലെത്തിയ കളക്ടര്‍ കണ്ട കാഴ്ചകള്‍ ഇങ്ങനെ!
തുണിമാറാനും കുളിക്കാനും സ്വകാര്യ സ്ഥലമില്ല; കുളിക്കുന്നതു കാണാന്‍ ഒളികാമറയും വാര്‍ഡനു വൈകുന്നേരങ്ങളില്‍ മസാജിങും നടത്തണം! ബാലികാ ഭവനത്തിലെത്തിയ കളക്ടര്‍ കണ്ട കാഴ്ചകള്‍ ഇങ്ങനെ!



ആരുമില്ലാത്ത കുരുന്നുകള്‍ക്ക് അഭയം ഒരുക്കുന്ന ബാല മന്ദിരങ്ങളില്‍ പലയിടത്തും നടക്കുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ്. ഇവിടുത്തെ അന്തേവാസികളായ കുട്ടികള്‍ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളാണ്. ഇത്തരമൊരു കഥയാണ് തമിഴ്‌നാട്ടില്‍ നിന്നും കേള്‍ക്കുന്നത്.

ഏകദേശം അമ്പതോളം പെണ്‍കുട്ടികള്‍ കഴിയുന്ന ഷെല്‍ട്ടര്‍ ഹോമില്‍ അവര്‍ നേരിടേണ്ടി വന്ന കൊടിയ പീഡനത്തിന്‌റെ കഥ പുറംലോകത്തെത്തിച്ചത് തിരുവണ്ണാമലൈ ജില്ലാ കളക്ടറായ കെ.എസ് കന്ദസ്വാമിയാണ്.

അഞ്ചു വയസിനും 22 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. ലൂബന്‍ കുമാര്‍ എന്ന 65കാരനാണ് സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്ഥാപനത്തിന്‌റെ ഡയറക്ടര്‍. ഇദ്ദേഹവും തന്‌റെ കുടുംബത്തോടൊപ്പം ഇവിടെത്തന്നെയാണ് താമസിച്ചു വന്നിരുന്നത്.

പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി ഒരു പുരുഷ സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും ഖേദകരമായ കാര്യം ഈ പെണ്‍കുട്ടികള്‍ക്കു കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനും അടച്ചുറപ്പുള്ള മുറിയൊന്നും ഉണ്ടായിരുന്നില്ല.


പെണ്‍കുട്ടികള്‍ കുളിക്കുന്നതു കാണുന്നതിനായി കുളിമുറിയുടെ വാതിലുകള്‍ എടുത്തു മാറ്റിയിരുന്നു. ഇതിനു പുറമെ ഇവര്‍ വസ്ത്രം മാറുന്ന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് സ്വന്തം മുറിയിലിരുന്ന് പെണ്‍കുട്ടികളുടെ നഗ്നത കണ്ട് ആസ്വദിക്കുകയായിരുന്നു ഇയാള്‍.

ഇതിനെല്ലാം പുറമെ വൈകുന്നേരങ്ങളില്‍ ദേഹം തിരുമ്മുന്നതിനും മസാജിങ്ങിനുമൊക്കെയായി പെണ്‍കുട്ടികളെ ലൂബന്‍ കുമാര്‍ തന്‌റെ മുറിയിലേക്കു വിളിപ്പിച്ചിരുന്നു. പീഡിപ്പിക്കുന്ന വിവരം ലൂബന്‍കുമാറിന്‌റെ ഭാര്യയോടു പറഞ്ഞ പെണ്‍കുട്ടികളെ തന്‌റെ സഹോദരനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും മര്‍ധിക്കുകയും ചെയ്തതായി പെണ്‍കുട്ടികള്‍ കളക്ടറോടു വെളിപ്പെടുത്തിയിട്ടുണ്ട്.

17 വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തയക്കാന്‍ ലൂബന്‍കുമാര്‍ ശ്രമിച്ചപ്പോഴാണ് ആ പെണ്‍കുട്ടി തനിക്കു പഠിക്കണമെന്നും വിവാഹം വേണ്ടെന്നും പറഞ്ഞ് കളക്ടര്‍ക്കു കത്തയച്ചത്. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് കളക്ടര്‍ ഷെല്‍ട്ടര്‍ ഹോമിന്‌റെ ദുരവസ്ഥ മനസിലാക്കുന്നത്.

വിവരമറിഞ്ഞ കളക്ടര്‍ ഹോം പൂട്ടുകയും ലൂബന്‍ കുമാര്‍, ഭാര്യ, ഭാര്യാസഹോദരന്‍ എന്നിവര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തിട്ടുമുണ്ട്. പഠിക്കാന്‍ ആഗ്രഹമുന്നയിച്ചു കത്തയച്ച പെണ്‍കുട്ടിക്കു മൂന്നു ലക്ഷം രൂപ പഠനസഹായം കൂടെ വാഗ്ദാനം നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. എന്തായാലും ഇത്രയും പെണ്‍കുട്ടികളെ നരകയാതനകളില്‍ നിന്നു രക്ഷിച്ച കളക്ടറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.