ഇരട്ടച്ചങ്കുള്ള ലില്ലി
അതിജീവനത്തിന്റെ പുതിയ മുഖമാണ് ലില്ലി. ഒരു പൂർണ ഗർഭിണി ഇത്രയൊക്കെ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുമോ? ഈ ഒരു ചിന്ത സിനിമ കണ്ടുതീരുന്ന സമയത്തോളം പ്രേക്ഷകരെ അലട്ടിക്കൊണ്ടേയിരിക്കും. പിന്നെ സിനിമയല്ലേ ഇതല്ല, ഇതിനപ്പുറം സംഭവിക്കുമെന്ന ബോധ്യമുണ്ടായാൽ ലില്ലി സമ്മാനിച്ച അതിജീവനത്തിന്റെ ശുഭാപ്തി വിശ്വാസവുമായി മടങ്ങാം.
സംയുക്ത മേനോന്റെ പ്രകടനമാണ് ലില്ലിയെ കാണാൻ പാകത്തിനുള്ള ഒരു റിവഞ്ച് ത്രില്ലറാക്കി മാറ്റുന്നത്. അസാധാരണ പ്രടനമാണ് അരങ്ങേറ്റ ചിത്രത്തിൽ സംയുക്ത പുറത്തെടുത്തിരിക്കുന്നത്. നല്ലപോലെ പാടുപെട്ടിട്ടുണ്ടാവണം സംയുക്ത ലില്ലിയുടെ മാനസികാവസ്ഥയിലേക്ക് എത്താൻ.
തുടക്കക്കാരന്റെ പതർച്ച ലവലേശമില്ലാതെ പുതുമ വേണ്ടുവോളം നിറച്ച് തന്റെ മനസിലുള്ള കഥാപാത്രങ്ങളെ സ്ക്രീനിലേക്ക് പറിച്ചു നടുകയായിരുന്നു സംവിധായകൻ പ്രശോഭ് വിജയ്. ലില്ലി ഇതുവരെ കാണാത്ത ഒരു കാഴ്ചാനുഭവമായിരിക്കും മലയാളികൾക്ക് സമ്മാനിക്കുക. പരിമിതിക്കുള്ളിൽ നിന്നുള്ള തുടക്കക്കാരുടെ ഈ മുന്നേറ്റത്തെ കൈയടിച്ച് തന്നെ വരവേൽക്കാം.
ഒന്നൊന്നര ഗർഭിണി
തുടക്കം ഇതെങ്ങോട്ടാണെന്നെല്ലാം തോന്നാമെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള കൗതുകം സ്ക്രീനിൽ നിന്നു കണ്ണെടുക്കാൻ പ്രേക്ഷകനെ അനുവദിക്കില്ല. ഓരോ രംഗങ്ങളും മാറിമറിഞ്ഞു വരുന്പോഴും എന്തോ വലിയ അപകടം വരാനിരിക്കുന്നുവെന്ന തോന്നൽ പശ്ചാത്തല സംഗീതത്തിന്റെ അകന്പടിയോടെ മനസിലേക്ക് പാഞ്ഞടുക്കും. അജിത്തിന്റെ (ആര്യൻ കൃഷ്ണ മേനോൻ) ഭാവമാറ്റങ്ങൾ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കും. അതുകൊണ്ട് പുള്ളിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. കണ്ടുതന്നെ അറിയുക.
ഗർഭിണിയായ ലില്ലിയുടെ ചലനങ്ങളെല്ലാം സൂക്ഷ്മതയോടെ തന്നെയായിരുന്നു. തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അവൾക്ക് നേരിടേണ്ടി വരുന്ന വലിയ വിപത്താണ് സിനിമയെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നത്. ആദ്യപകുതിയിൽ മൂന്നു വില്ലന്മാരുടെ നടുവിൽ നിന്നുകൊണ്ടുള്ള ലില്ലിയുടെ കരച്ചിലും പിന്നെ രക്ഷപ്പെടാനുള്ള ശ്രമങ്ങളുമെല്ലാം ഒടുവിൽ ചെന്നുനിൽക്കുന്നത് ആരും പ്രതീക്ഷിക്കാത്ത ഒരിടത്താണ്. അപ്പോൾ ആരുമൊന്നു പറഞ്ഞു പോകും ഇതൊരു ഒന്നൊന്നര ഗർഭിണിയാണെന്ന്.
ഹൊറർ ത്രില്ലറിന് പറ്റിയ പശ്ചാത്തല സംഗീതം
സുഷിൻ ശ്യാം മനസറിഞ്ഞ് നൽകിയ പശ്ചാത്തല സംഗീതത്തിന് ലില്ലിയുടെ അണിയറ പ്രവർത്തകർ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലില്ലി എന്ന ഹൊറർ ത്രില്ലറിന്റെ നെടുതൂണാണ് പശ്ചാത്തല സംഗീതം. അതില്ലെങ്കിൽ ലില്ലിയില്ല എന്നതാണ് വസ്തുത. ലില്ലിയുടെ ഓരോ അതിജീവന നീക്കവും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും.
കൈവിട്ടുപോയി എന്നുള്ള തോന്നൽ ഇടയ്ക്കിടെ വരുന്ന നിമിഷങ്ങളിലെല്ലാം ലില്ലി തന്റെ പ്രകടനംകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുകയായിരുന്നു. രണ്ടാം പകുതിയിൽ വയലൻസിന്റെ കടന്നുകയറ്റം പ്രേക്ഷകരെ ഒരു പ്രത്യേക അവസ്ഥയിൽ എത്തിക്കുമെന്ന കാര്യം ഉറപ്പാണ്. ശ്രീരാജ് രവീന്ദ്രന്റെ കാമറക്കണ്ണുകൾ ചിത്രത്തെ കൂടുതൽ ഉദ്വേഗഭരിതമാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. കണ്ടിറങ്ങിയാൽ ഓർമയിൽ നിൽക്കുന്ന നിരവധി ഫ്രെയിമുകൾ ഛായാഗ്രാഹകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
ട്വിസ്റ്റ് പൊളിച്ചു
ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി എത്തിയാണ് സംവിധായകൻ ചിത്രത്തെ താങ്ങിനിർത്തുന്നത്. ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ലില്ലിയുടെ ബാലൻസ് തെറ്റിപ്പോയേനെ. കഥയുടെ വഴി ഫ്ലാഷ് ബാക്കിലേക്കും പിന്നെ ട്വിസ്റ്റിലേക്കും തിരിയുന്നതിനിടെ ലില്ലി ആകെ ക്ഷീണിതയായിരുന്നു. എന്നിട്ടും അവൾക്ക് അതിജീവിക്കാനുള്ള വെന്പൽ കൂടിക്കൂടി വന്നുകൊണ്ടേയിരുന്നു.
കണ്ണൻ നായരും സംഘവും വേറിട്ട പ്രകടനമാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ആണ് സാന്നിധ്യങ്ങൾ ചുമ്മാ പേരിനുവേണ്ടി ആയിരുന്നില്ലായെന്ന് ലില്ലി സാക്ഷ്യം പറയുന്നു. കഥ ഇനിയുമുണ്ടെന്നുള്ള തോന്നൽ നിലനിൽക്കേ കാര്യങ്ങളെല്ലാം സംവിധായകൻ മാറ്റിമറിക്കുകയാണ്. ലില്ലിയുടെ വിശേഷങ്ങൾ തുടരുമെന്ന് ഉറപ്പു നൽകിയാണ് ഒന്നരമണിക്കൂർ നീണ്ട കാഴ്ചകൾക്ക് സംവിധായകൻ കട്ട് പറയുന്നത്.
വി.ശ്രീകാന്ത്