കൊലമാസ് വരത്തന്‍! ഗംഭീര പ്രകടനവുമായി വിസ്മയിപ്പിച്ച് ഫഹദ്!
ഈ വരത്തനോടു മുട്ടല്ലേ, പണി പാലുംവെള്ളത്തില്‍ കിട്ടും! ആളു മുറ്റാ
ഒരു പാറ്റയെപോലും നോവിക്കാത്ത പുരുഷനും തന്‌റെ പെണ്ണിനെ തോണ്ടുന്നവനെ വെച്ചേക്കില്ല. എന്നാല്‍ ഈ വരത്തന്‍ തന്‌റെ പെണ്ണിനെ തോണ്ടാന്‍ വന്നവനു കൊടുത്തത് എട്ടിന്‌റെയല്ല, പതിനെട്ടിന്‌റെ പണി, അതും പാലുംവെള്ളത്തില്‍ തന്നെ! 'പാറ്റയെ പോലും വേദനിപ്പിക്കാത്ത' എന്നു പറയാന്‍ ഒരു കാരണമുണ്ട്. അതറിയാന്‍ ഈ ചിത്രം നിങ്ങള്‍ കാണുക.
പ്രിയപ്പെട്ടവളെ വേദനിപ്പിക്കുന്നവര്‍ക്കു തിരിച്ചടി നല്‍കാത്ത നായകരുണ്ടോ? ഭാര്യയെ ശല്യം ചെയ്യുന്ന വില്ലന്മാരോടു പോലും വളരെ മര്യാദയോടെ പെരുമാറുന്ന ഈ വരത്തനെ കാണുമ്പോള്‍ ഇവനെന്തോന്നു നായകനാടേ എന്നു തോന്നിയാല്‍ കുറ്റം പറയാനാകില്ല.
'ഞാനടിച്ചാ താങ്കമാട്ടെ' എന്ന വിജയ് ചിത്രത്തിലെ ഗാനം പോലെ വരത്തന്‍ തിരിച്ചടി തുടങ്ങിയപ്പോള്‍ വില്ലന്‍മാരായ ചേട്ടന്‍മാര്‍ക്ക് താങ്ങാന്‍ പോയിട്ട് തടുക്കാന്‍ പോലുമായില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!
പ്രിയപ്പെട്ടവളെ വേദനിപ്പിക്കുന്നവര്‍ക്കു തിരിച്ചടി നല്‍കി എന്നതിലുപരി, തിരിച്ചടി നല്‍കാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗവും രീതിയുമാണ് വരത്തനെ ഏറെ ആസ്വാദ്യകരമാക്കുന്നത്. സസ്‌പെന്‍സ് ഞാന്‍ പൊളിക്കുന്നില്ല. അതറിയാന്‍ ചിത്രം തിയറ്ററില്‍ പോയിത്തന്നെ കാണുക.
കമ്പനിക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിക്കുന്ന ദുബായ് മലയാളിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. ജോലി നഷ്ടത്തോടൊപ്പം മറ്റൊരു ദുരന്തവും ഈ ദുബായ് മലയാളി നേരിടുന്നു.
നാട്ടിലെത്തുന്നതും ഇടുക്കിയില്‍ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു താമസത്തിനെത്തുന്നതു മുതല്‍ ഈ മലയാളിയും ഭാര്യയും നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. എബി എന്ന ദുബായ് മലയാളിയായി ഫഹദ് ഫാസില്‍ എത്തുമ്പോള്‍, ഭാര്യ പ്രിയയായി ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്നു.
കിടിലന്‍ ക്ലൈമാക്‌സ്!
വില്ലന്‍മാരായ നമ്മുടെ ചേട്ടന്‍മാരെ ഒന്നു ചെറുതായി പരിചയപ്പെടുത്തുന്ന രംഗത്തോടെയാണ് രണ്ടാം പകുതിയുടെ തുടക്കം. പൊതുവേ നാട്ടുകാരുടെ പൊതുവായ ചില സ്വഭാവവും എടുത്തുകാട്ടുന്നുണ്ട് ഈ രംഗം.
എന്നാല്‍ താനില്ലാത്ത സമയത്ത് തന്‌റെ ഭാര്യയെ വന്നു ഭയപ്പെടുത്തിയ നാട്ടിലെ പ്രമാണിമാരായ ചേട്ടന്‍മാരെ, തന്നെ വരത്തനെന്നു വിളിച്ച് അധിക്ഷേപിച്ച ചേട്ടന്‍മാരെ, തന്നെക്കാള്‍ ഏറെ കരുത്തുള്ള ഈ ചേട്ടന്‍മാരെ മുട്ടിത്തോല്‍പ്പിക്കാന്‍ നമ്മുടെ എബി, പ്രമാണിമാരുടെ ഭാഷയില്‍ വരത്തന്‍ വിചാരിക്കുന്നതോടെ സിനിമയുടെ വേഗമേറുന്നു.
അവസാന അരമണിക്കൂര്‍ മാത്രം കണ്ടാല്‍ മതി ടിക്കറ്റ് കാശ് മുതലാക്കാന്‍. അത്ര വേഗത്തിലല്ല ആദ്യ പകുതി ചലിക്കുന്നത്. ഈ ചിത്രം എങ്ങോട്ടാണു പോകുന്നത്, ഇതിന്‌റെ കഥയെന്താണ് എന്നൊന്നും പ്രേക്ഷകനു തെല്ലും മനസിലാകില്ല. ആദ്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ആദ്യ പകുതി പുരോഗമിക്കുന്നതും അവസാനിക്കുന്നതും.
കാസ്റ്റ്, ക്രൂ
ഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് വരത്തന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‌റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‌റെയും ബാനറില്‍ അമല്‍ നീരദ്, നസ്രിയ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു.
സംഗീതം
സുശീന്‍ ശ്യാം ആണ് ചിത്രത്തിന്‌റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയും നസ്രിയയും ചേര്‍ന്ന് ആലപിച്ച നീ എന്നു തുടങ്ങുന്ന ഗാനവും നസ്രിയ പാടിയ പുതിയൊരു പാതയില്‍ എന്നീ ഗാനവും ജനഹൃദയങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. വിനായക് ശശികുമാര്‍ -ന്‌റേതാണ് വരികള്‍.
ലൊക്കേഷന്‍
ദുബായ്, വാഗമണ്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. ദുബായ് നഗരത്തിന്‌റെ ആഡംബര സൗകര്യങ്ങളും വാഗമണ്ണിന്‌റെ ഗ്രാമീണ വശ്യതയും മനോഹരമായി ചിത്രീകരിക്കുന്നതില്‍ ചായാഗ്രാഹകന്‍ ലിറ്റില്‍ സ്വയംപ് വിജയം വരിച്ചിരിക്കുന്നു.
പൊളിച്ചടുക്കി ഫഹദ്!
ക്ലൈമാക്‌സ് രംഗങ്ങളും ഫൈറ്റുകളും ഏറെ ആകര്‍ഷകമാണ്. ക്ലൈമാക്‌സ് രംഗങ്ങളില്‍ ഫഹദിന്‌റെ പ്രകടനം ഏറെ മികച്ചു നില്‍ക്കുന്നു.
റേറ്റിങ്
അഞ്ചില്‍ 3.75 ഈ ചിത്രത്തിനു ഞാന്‍ നല്‍കുന്ന റേറ്റിങ്.
മാക്‌സിന്‍ ഫ്രാന്‍സിസ്
More Movie Reviews
പൊട്ടിച്ചിരിപ്പിച്ച് മാംഗല്യം താന്തുനാനേന! റിവ്യൂ
കുടുംബത്തോടെ വായിക്കാം കുട്ടനാടിന്‌റെ നന്മയുള്ള ഈ ബ്ലോഗ്!