പക്ഷാഘാതം വന്ന മലയാളിക്ക് കരുതലായി നഴ്സുമാർ
Wednesday, January 8, 2025 2:48 PM IST
റിയാദ്: പക്ഷാഘാതം വന്ന് കിടപ്പിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചന്ദ്രശേഖരന് കരുതലും കാവലുമായി ഹുറൈമല ജനറൽ ആശുപത്രിയിലെ മലയാളി നഴ്സുമാർ മാതൃകയായി. റിയാദിലെ മൽഹം പ്രദേശത്തെ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊഡക്ഷൻ ഡിസൈനിംഗ് സൂപ്പർവൈസറായി കഴിഞ്ഞ എട്ടു മാസം മുമ്പ് ജോലിക്കെത്തിയ ചന്ദ്രശേഖരൻ റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു.
രാവിലെ ജോലിക്ക് പോകുന്നതിനായി തയാറാവുന്നത് കാണാതിരുന്ന സുഹൃത്തുക്കൾ കതകിൽ തട്ടിയെങ്കിലും കതക് തുറക്കുകയോ അനക്കം കേൾക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് പോലീസെത്തി കതക് തുറന്നപ്പോൾ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ ഹുറൈമല ജനറൽ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ദരിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 10 ദിവസത്തോളം ദരിയ ആശുപത്രിയിൽ ചികിത്സിച്ച് പിന്നീട് വീണ്ടും ഹുറൈമല ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ മകൾ ദുർഗ നാട്ടിൽ നിന്നും കേളി സെക്രട്ടറിയുമായി ബന്ധപ്പെടുകയും ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര ദരയ്യയിൽ പോയി ആശുപത്രിയിലെ വിവരങ്ങൾ വീട്ടുകാരെ അറിയിക്കുകയും വിഡിയോ കോളിലൂടെ ബന്ധപ്പെടുത്തി ആശയവിനിമയം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തു.
തിരക്കേറിയ ദരയ്യ ആശുപത്രിയിൽ നിന്നും തുടർന്നും വേണ്ടത്ര വിവരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ചന്ദ്രശേഖരന്റെ സുഹൃത്ത് മുഖേന ആശുപത്രിക്കടുത്ത് ജോലിചെയ്യുന്ന മലപ്പുറം എടവണ്ണ സ്വദേശി അമീർ ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു.
പലപ്പോഴും സമയത്തിന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നറിഞ്ഞ അമീർ പ്രത്യേക അനുവാദത്തോടെ ഭക്ഷണം കഴിപ്പിക്കുന്നതിനായി ആശുപത്രിയിൽ എത്തുകയും റൂമിൽ നിന്നും കഞ്ഞി തയാറാക്കി എത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.
ആശുപത്രിയിലെ തിരക്ക് കാരണം പിന്നീട് ഹുറൈമല ജനറൽ ആശുപത്രിയിലേക്ക് ചന്ദ്രശേഖറിനെ മാറ്റി. ഒരു മാസത്തോളം ഹുറൈമലയിലെ ആശുപത്രിയിൽ ലഭിച്ച പരിചരണത്തിലൂടെ കാര്യമായ പുരോഗതി കൈവരിക്കാനായി. ദരയ്യ ആശുപത്രിയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഹുറൈമലയിൽ ലഭിച്ച പരിചരണമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
മലയാളികളായ നേഴ്സുമാരുടെ കൃത്യതയാർന്ന കരുതൽ മാനസിക സംഘർഷം കുറച്ചെന്നും ഭക്ഷണവും മറ്റും സമയത്ത് കഴിപ്പിക്കാൻ അവർ സഹായിക്കുകയും നാട്ടിലെ ഭാര്യയും മകളുമായി നിരന്തരം ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നെന്നും മരുന്നിനേക്കാൾ ഉപരി ലഭിച്ച പരിചരണമാണ് അസുഖം വേഗത്തിൽ ഭേദമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി ചന്ദ്രശേഖരനെ നാട്ടിലെത്തിച്ചു. യാത്ര ചെയ്യാനുള്ള വീൽചെയർ രേഖകളും കൂടെ അനുഗമിക്കാനുള്ള യാത്രക്കാരെയും കേളി തരപ്പെടുത്തി.
ടിക്കറ്റും ചന്ദ്രശേഖരന്റെ റൂമിലുള്ള വസ്ത്രങ്ങളും മറ്റും കമ്പനി ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് ഏറ്റെങ്കിലും സമയത്തിന് മുമ്പ് എത്തിക്കാതിരുന്നതിനാൽ നഴ്സുമാർ തന്നെ യാത്രചെയ്യാനുള്ള വസ്ത്രങ്ങൾ എത്തിച്ചു നൽകി.
നസീർ മുള്ളൂർക്കരയാണ് എയർപോർട്ടിൽ എത്തിച്ചത്. കോട്ടയം സ്വദേശി നിതിൻ റിയാദിൽ നിന്നും കൊച്ചി വിമാനത്താവളം വരെ കൂടെ അനുഗമിക്കുകയും കൊച്ചിയിൽ നിന്നും ബന്ധുക്കളെ ഏൽപ്പിക്കുകയും ചെയ്തു. കൊല്ലം എൻഎസ് ആശുപത്രിയിലാണ് തുടർചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.