ഹജ്ജ്: പണമടയ്ക്കാനുള്ള തീയതി നീട്ടി
Wednesday, January 1, 2025 2:26 PM IST
ന്യൂഡൽഹി: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ രണ്ടാം ഗഡു തുകയായ 1,42,000 രൂപ അടയ്ക്കാനുള്ള സമയം 2025 ജനുവരി ആറു വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 21 പ്രകാരം അറിയിച്ചു.
വെയ്റ്റിംഗ് ലിസ്റ്റിൽനിന്നു സർക്കുലർ നമ്പർ 13 പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ പണമടയ്ക്കാനൂള്ള അവസാന തിയതിയും ജനുവരി ആറു വരെ നീട്ടിയിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവർ ജനുവരി ആറിനകം ആദ്യ രണ്ട് ഇൻസ്റ്റാൾമെന്റ് തുകയായ 2,72,300 രൂപ അടച്ച് അപേക്ഷയും അനുബന്ധ രേഖകളും ജനുവരി എട്ടിനകം ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം.
ഹജ്ജിന് അടയ്ക്കേണ്ട ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാകും.