നിമിഷപ്രിയ കേസ്: സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി കേന്ദ്രം
Saturday, January 4, 2025 11:42 AM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമോ എന്നതിൽ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരിക്ഷിക്കുകയാണെന്നു കേന്ദ്രസർക്കാർ. സാധ്യമായ എല്ലാം ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷാദ് അൽ ആലിമി അനുമതി നല്‍കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യെമനിലെ സനയിൽ ജയിൽ തുടരുകയാണ് നിമിഷപ്രിയ.
ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ് നഗരം. പ്രശ്നത്തിൽ ഇടപെടാമെന്ന് ഇറാൻ അധികൃതർ വ്യാഴാഴ്ച പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ മോചനശ്രമങ്ങളുമായി ബന്ധപ്പെട്ട് അമ്മ പ്രേമ കുമാരി എട്ടുമാസമായി യെമനിലാണ്.
അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തിലൂടെ ഇവർ കേന്ദ്രസർക്കാരിനെ ധരിപ്പിച്ചിരുന്നു. അവസാന അഭ്യർഥനയാണിതെന്നും നിമിഷപ്രിയയ്ക്ക് ഏതാനും ദിവസം മാത്രമാണ് അവശേഷിക്കുന്നതെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.