ദുബായിയിൽ താമസ കെട്ടിടങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് വരുന്നു; വാടക വർധനവിന് നിയന്ത്രണം
അനിൽ സി. ഇടിക്കുള
Friday, January 3, 2025 3:43 PM IST
ദുബായി: താമസകെട്ടിടങ്ങൾക്കും ദുബായി നഗരം സ്മാർട്ട് വാടക സൂചിക നടപ്പിലാക്കി. മേഖലകൾ തിരിച്ച് കെട്ടിടങ്ങൾക്കു ലഭിക്കുന്ന റേറ്റിംഗിന് ആനുപാതികമായിരിക്കും വാടക കൂട്ടാൻ ഇനിമുതൽ അനുമതി ലഭിക്കുക.
ഇതോടെ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിതാൽ മാത്രമേ ദുബായിയിൽ ഇനി വാടക കൂട്ടാനാകൂ. പ്രദേശത്തിന്റെ പ്രാധാന്യം, കെട്ടിടത്തിലെ സൗകര്യം, സുരക്ഷ തുടങ്ങി 60 ഘടകങ്ങൾ പരിശോധിച്ച് കെട്ടിടങ്ങളെ തരംതിരിച്ചാണ് ഒന്നുമുതൽ അഞ്ച് സ്റ്റാർ റേറ്റിംഗ് നൽകുക.
ദുബായി ലാൻഡ് ഡിപ്പാർട്മെന്റ്(ഡിഎൽഡി) ആണ് പുതിയ സ്മാർട്ട് വാടക സൂചിക പുറത്തിറക്കിയത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് സൂചിക തയാറാക്കുക. ഓരോ പ്രദേശത്തിന്റെയും പ്രാധാന്യവും കെട്ടിടത്തിലെ സൗകര്യവും കണക്കിലെടുത്തായിരിക്കും മൂല്യനിർണയം.
ഇത് കെട്ടിട ഉടമകൾക്കും വാടകക്കാർക്കും നിക്ഷേപകർക്കും ഗുണകരമാകും. തുടക്കത്തിൽ താമസ സമുച്ചയങ്ങളെയാണ് തരം തിരിക്കുക. പിന്നീട് വാണിജ്യ കെട്ടിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.
നിലവിലെ വാടകക്കരാർ പുതുക്കുമ്പോഴാണ് പുതിയ നിയമം അനുസരിച്ചുള്ള വാടക പ്രാബല്യത്തിലാവുക. കെട്ടിടത്തിന്റെ മൊത്തം വിസ്തീർണവും ശരാശരി വാടകയും പരിഗണിച്ചാണ് വാടക പുനഃക്രമീകരിക്കുക. നിലവിലെ ക്രമരഹിത വാടകയാണ് പ്രധാന വെല്ലുവിളി.
പുതിയ സൂചിക അനുസരിച്ച് ഓരോ പ്രദേശത്തെയും വാടകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. കഴിഞ്ഞ വർഷം ദുബായിയിൽ ഒന്പതു ലക്ഷം വാടക കരാറുകൾ റജിസ്റ്റർ ചെയ്തു.
2023നെക്കാൾ എട്ട് ശതമാനം കൂടുതലാണിത്. പുതുവർഷത്തിൽ വാടകക്കാരുടെയും നിലവാരമുള്ള കെട്ടിടങ്ങളുടെയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടുന്നത്.