കോഴിക്കോടൻ ഫെസ്റ്റ് ശനിയാഴ്ച മുതൽ
അനില്‍ സി. ഇടിക്കുള
Friday, January 3, 2025 3:28 PM IST
അബുദാബി: അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് കോഴിക്കോട് ഫെസ്റ്റിന് തിരിതെളിയും.
പ്രവാസികൾക്ക് നാടോർമകൾ പകർന്നു നൽകുന്ന നയന ശ്രവ്യ മധുരമായ കാഴ്ചകൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വീടില്ലാതെ കഷ്ടപ്പെടുന്ന കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത മുൻ പ്രവാസികൾക്ക് വീട് നിർമിച്ചു നൽകും.
ഫെസ്റ്റിന്റെ ഭാഗമായി രണ്ടു ദിനങ്ങളിലായി നടുക്കുന്ന പരിപാടികളിൽ നൂറിൽ പരം കലാകാരൻമാർ അണിനിരക്കും. മത സൗഹാർദത്തിന് പേരുകേട്ട കോഴിക്കോടിന്റെ മഹിമ വിളിച്ചോതുന്ന വിവിധ മത നേതാക്കൾ പങ്കെടുക്കുന്ന സ്നേഹ സംഭാഷണം ഒപ്പന, കോൽക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള, കലാപരിപാടികൾ,
റോയൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങൾ, കൊതിയൂറുന്ന കോഴിക്കോടൻ വിഭവങ്ങളുടെ 30 ഓളം സ്റ്റാളുകൾ, വനിതകൾക്കായുള്ള മെഹന്തി മത്സരം കൂടാതെ സന്ദർശകർക്ക് മെഗാ പ്രൈസ് ആയി മിറ്റ്സുബിഷി കാറിന്റെ നറുക്കെടുപ്പും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
ഫെസ്റ്റ് പ്രചരണാർഥം വനിതകൾക്കായി നടത്തിയ പാചക മത്സരത്തിൽ നിരവധി വനിതകൾ പങ്കെടുത്തു. രുചി വൈവിധ്യങ്ങളുടെ പ്രകടനമായിരുന്നു രുചിക്കൂട്ട് മത്സരം. കൂടാതെ കോഴിക്കോടൻ ഫാമിലികളുടെ മെഗാ സംഗമവും നടത്തി.
പതിമൂന്നോളം മണ്ഡലം കമ്മിറ്റികളും 36 പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികളുമുള്ള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി ബൈത്തു റഹ്മ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പൺ ഹാർട്ട് തിയറ്റർ, സിഎച്ച് സെന്ററുമായി സഹകരിച്ചു നടത്തുന്ന ഓട്ടിസം തെറാപ്പി സെന്റർ തുടങ്ങിയവ പ്രധാനമാണ്.
അബ്ദുല്ല ഫാറൂഖി, ജാഫർ തങ്ങൾ സി.എച്ച്, അഷ്റഫ് നജാത്, മജീദ് അത്തോളി, അബ്ദുൽ ബാസിത് കായക്കണ്ടി, അഷ്റഫ് സി.പി, ബഷീർ കപ്ലിക്കണ്ടി, സൂരജ് (അഹല്യ മെഡിക്കൽസ്), ഷഹീർ ഫാറൂഖി (എഎഫ്ഗ്രൂപ്പ് ഇന്റർനാഷണൽ) എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.