മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു
Friday, December 27, 2024 5:39 PM IST
റിയാദ്: ഇന്ത്യൻ മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മൻമോഹൻ സിംഗ് എന്നും ശ്രമിച്ചിരുന്നു.
ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിർമാണങ്ങള്‍ നടപ്പാക്കി.
ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. ആഗോളവത്കരണണത്തിനും ഉദാരവത്കരണത്തിനും വാതിൽ തുറന്നു കൊടുത്ത അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഇടതുപക്ഷ എതിർപ്പുകളെ ജനാതിപത്യ മര്യാദയിൽ പ്രതികരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും കേളി സെക്രട്ടറിയേറ്റ് അറിയിച്ചു.