യുഎഇയിൽ ചെറുവിമാനം തകർന്ന് ഇന്ത്യൻ ഡോക്ടറും വനിതാ പൈലറ്റും മരിച്ചു
Tuesday, December 31, 2024 9:58 AM IST
ദുബായി: യുഎഇയിൽ ചെറുവിമാനം തകർന്നുവീണ് വനിതാ പൈലറ്റും സഹയാത്രികനായിരുന്ന ഇന്ത്യൻ ഡോക്ടറും മരിച്ചു. ഷാർജയിൽ ജനിച്ചുവളർന്ന ഡോ. സുലൈമാൻ അൽ മജീദ് (26), ജസീറ ഏവിയേഷൻ ക്ലബ്ബിന്റെ പാക്കിസ്ഥാൻകാരിയായ പൈലറ്റ് ഫ്രിയാൻസ പർവീൺ (26) എന്നിവരാണു മരിച്ചത്.
കഴിഞ്ഞ 26ന് നടന്ന സംഭവം ഞായറാഴ്ചയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തുവിട്ടത്. റാസൽഖൈമയുടെ ആകാശക്കാഴ്ച കാണാൻ ചെറുവിമാനം വാടകയ്ക്കെടുത്തതായിരുന്നു ഡോ. സുലൈമാൻ. റാസൽഖൈമ ബീച്ചിനോടു ചേർന്നുള്ള കോവ് റൊട്ടാന ഹോട്ടലിനു സമീപം ഉച്ചകഴിഞ്ഞ് രണ്ടിന് ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ വിമാനം കടലിൽ തകർന്നുവീഴുകയായിരുന്നു.
ഈസമയം കുടുംബാംഗങ്ങളും ഏവിയേഷൻ ക്ലബ്ബിൽ ഉണ്ടായിരുന്നു. റഡാറുമായി ബന്ധം നഷ്ടപ്പെട്ടശേഷം വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതായും ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയതായും കമ്പനി കുടുംബത്തെ അറിയിച്ചു. കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഡോ. സുലൈമാൻ മരിച്ചിരുന്നു.
ബംഗളൂരു സ്വദേശികളാണ് ഡോ. സുലൈമാന്റെ മാതാപിതാക്കൾ. ദുബായ് സ്കോളേഴ്സ് സ്കൂളിൽനിന്നു ബിരുദം നേടിയ ഡോ.സുലൈമാൻ യുകെയിലെ കൗണ്ടി ഡർഹാം ആൻഡ് ഡാർലിംഗ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ക്ലിനിക്കൽ ഫെലോ ആയിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.