നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റിന്റെ അനുമതി
Tuesday, December 31, 2024 10:18 AM IST
സന: യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷാദ് അൽ ആലിമി അനുമതി നല്‍കിയതായി റിപ്പോർട്ട്. ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാനാണു സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. മോചനശ്രമവുമായി എട്ടുമാസമായി നിമിഷപ്രിയയുടെ അമ്മ യെമനില്ത്തന്നെയാണുള്ളത്.
40,000 യുഎസ് ഡോളറാണ് ചര്‍ച്ചയ്ക്കായി അഭിഭാഷകന് ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 ഡോളര്‍ നല്‍കിയിരുന്നു.