സൈമൺ സാമുവേലിന് യാത്രയയപ്പ് നൽകി
Tuesday, December 24, 2024 4:07 PM IST
അബുദാബി: യുഎഇ ഈസ്റ്റ് കോസ്റ്റ് മേഖലയിലെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായ സൈമൺ സാമുവേൽ ഗൾഫ് പ്രവാസ ജീവിതം മതിയാക്കി നട്ടിലേക്ക് മടങ്ങുന്നു. കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ രക്ഷാധികാരിയും ലോക കേരള സഭാംഗവും എന്ന നിലയിൽ പ്രവാസ മലയാളികളുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ ആനുകൂല്യങ്ങൾ ആവിശ്യകാർക്ക് വേഗത്തിൽ ലഭ്യമാക്കാൻ സൈമണിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മരണമടയുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും അർഹതപ്പെട്ടവർക്ക് ചികിത്സാ സഹായം ഉറപ്പാക്കുന്നതിനും അദ്ദേഹത്തിന്റെ സേവനത്തിന് കഴിഞ്ഞു.
പ്രവാസി മലയാളികൾക്ക് സഹായത്തിനായി ഏതു സമയത്തും എപ്പോഴും സമീപിക്കാവുന്ന സന്നദ്ധ പ്രവർത്തകനാണ് സൈമൺ. ലോക കേരള സഭാംഗമെന്ന നിലയിൽ പ്രവാസി മലയാളികളെ സംബന്ധിക്കുന്ന നയപരമായ കാര്യങ്ങളിൽ ഫലപ്രദമായ നിർദേശങ്ങൾ ബന്ധപ്പെട്ട വേദികളിൽ അവതരിപ്പിച്ച് നടപ്പിലാക്കിയെടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ യുഎഇ കോഓർഡിനേറ്ററായി പ്രവർത്തിക്കുകയും അനേകം പ്രവാസികൾക്ക് അതിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരം ഒരുക്കി. സൈമണും അതിൽ പ്രബന്ധമവതരിപ്പിച്ചു.
കേരളത്തിലും പ്രവാസ മേഖലയിലും വലിയൊരു സൗഹൃദ വലയതിന് ഉടമയാണദ്ദേഹം. സൗമ്യമായ പെരുമാറ്റവും മികച്ച നേതൃത്വവും അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കുന്നു. സംഘാടകനും ഉജ്വല വാഗ്മിയും കുടിയാണദ്ദേഹം.
കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറയെ ശ്രദ്ധേയമായ രീതിയിൽ പ്രവാസ ലോകത്ത് വളർത്തിയെടുക്കുന്നതിൽ സൈമൺ സാമുവേലിന്റെ സംഭാവന വളരെ വലുതാണ്. കേരളോത്സവം, സ്കൂൾ യുവജനോത്സവം, സാഹിത്യ സദസ്, സാംസ്ക്കാരിക പരിപാടികൾ, കലാസന്ധ്യകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി ഒട്ടേറെ പരിപാടികളുടെ മുഖ്യസംഘാടകനായും ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചു.
കോവിഡ് കാലത്തും പ്രളയകാലത്തും വയനാട് പ്രകൃതി ദുരന്തത്തിലും സഹായഹസ്തമൊരുക്കുന്നതിന് കൈരളിക്കും അദ്ദേഹത്തിനും കഴിഞ്ഞു. നോർക്കയുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ച് എല്ലാ പ്രവാസി സംഘടനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സൈമൺ സാമുവേൽ നേതൃത്വം നൽകി.
ശക്തമായ മഴയെ തടർന്ന് യുഎഇ ഈസ്റ്റ് കോസ്റ്റ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടപ്പോൾ ബന്ധപ്പെട്ടവരുമായി ചേർന്ന് സൈമണിന്റെ നേതൃത്വത്തിൽ കൈരളി പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
മികച്ച അധ്യാപകനുള്ള പുരസ്ക്കാരം പല തവണ അദ്ദേഹത്തെ തേടിയെത്തി. ഫുജൈറ ഔർ ഓൺ, അൽ ദിയാർ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിദ്യാർഥി സമൂഹത്തിന്റെയും സഹപ്രവർത്തകരുടെയും പ്രിയങ്കരനായ ഗണിതാധ്യാപകനാണ് അദ്ദേഹം.
മലയാളം മിഷൻ യുഎഇ കോഓർഡിനേഷൻ കമ്മിറ്റി അംഗവും ഫുജൈറ മേഖലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയും ഉപദേശകനുമായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അലൈൻ മലയാളി സമാജം വൈസ് പ്രസിഡന്റ് കൈരളി ഖോർഫക്കാൻ യൂണിറ്റ് പ്രസിഡന്റ്, കൈരളി രക്ഷാധികാരി, ലോക കേരള സഭാംഗം, അധ്യാപകൻ എന്നീ നിലകളിലെല്ലാം സ്തുത്യർഹമായ സേവനമാണ് അദ്ദേഹം നിർവഹിച്ചത്.
2005 ഒക്ടോബറിലാണ് സൈമൺ സാമുവേൽ യുഎയിലെത്തുന്നത്. ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമപഞ്ചായത്തിൽ സാമുവേൽ സൈമൺന്റെയും, ഏലിയാമ്മ സാമുവേലിന്റെയും മകനാണ്. ഭാര്യ ജിജി പി. എബ്രഹാം നഴ്സായി സേവനമനുഷ്ഠിക്കുന്നു. മക്കൾ ജസിന്ത ,ജയ്സ് എന്നിവർ സ്കൂൾ വിദ്യാർഥികളാണ്.
കൈരളി കൾച്ചറൽ അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് വിപുലമായ യാത്രയയപ്പ് അദ്ദേഹത്തിന് നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി അധ്യക്ഷത വഹിച്ചു സെക്രട്ടറി വി.പി. സുജിത് മൊമെന്റോ സമർപ്പിച്ചു.
മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രവർത്തകയോഗം ചെയർമാൻ ഡോ.പുത്തൂർ അബ്ദുൾ റഹ്മാന്റെ അധ്യക്ഷതയിൽ കൂടി സൈമൺ സാമുവേലിന് യാത്രയയപ്പ് നൽകി. കേരളോത്സവത്തിൽ വച്ച് കൈരളി ഫുജൈറ യൂണിറ്റിന്റെ സ്നേഹോപഹാരം അഡ്വ.കെ.പ്രേംകുമാർ എംഎൽഎ സൈമണിന് കൈമാറി.
കൈരളി ദിബ്ബ യൂണിറ്റിന്റെ കുടുംബ സംഗമത്തിൽ വച്ച് യൂണിറ്റ് സൈമൺ മാഷിന് സ്നേഹോപഹാരം സമർപ്പിച്ചു. ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്, ഫുജൈറയിലെ അധ്യാപക - കുടുംബ സുഹൃത്തുകൾ എന്നിവരും അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.