സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കാന്‍ എംപിമാര്‍ ഇടപെടണം: സിപിഎം
Tuesday, December 24, 2024 11:08 AM IST
മലപ്പുറം: ഗള്‍ഫ് സെക്ടറില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജനുവരി ആദ്യവാരം സര്‍വീസ് ആരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സ് തീരുമാനിച്ചിരുന്നു. ഇതിനായി സമയക്രമം ലഭ്യമാക്കുകയും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഉള്‍പ്പെടെ കരാറെടുക്കുകയും ചെയ്തു. പ്രാഥമിക നടപടി പൂര്‍ത്തിയാക്കിയശേഷമാണ് സൗദി എയര്‍ലൈന്‍സിന്റെ പിന്മാറ്റം.
കേന്ദ്ര സര്‍ക്കാരിന്റെ കരിപ്പൂരിനോടുള്ള അവഗണനയാണ് ഇതിന് കാരണമെന്നും മലബാറിലെ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സര്‍വീസ് നഷ്ടമാകാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ജില്ലയില്‍ നിന്നുള്ള ലോക്സഭാംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസമസ് സമദാനി, പ്രിയങ്കഗാന്ധി, രാജ്യസഭാംഗങ്ങളായ പി.വി. അബ്ദുള്‍ വഹാബ്, പി.പി സുനീര്‍ എന്നീ എംപിമാർ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഇ.എന്‍. മോഹന്‍ദാസ് ആവശ്യപ്പെട്ടു.