ജനവാസമേഖയിൽ വരുന്ന മാലിന്യസംസ്കരണ പ്ലാന്റിനെതിരേ ജനകീയകൂട്ടായ്മ രൂപീകരിച്ചു
1536512
Wednesday, March 26, 2025 1:56 AM IST
തത്തമംഗലം: പുഴപ്പാലം ജനവാസമേഖലയിൽ മനുഷ്യവിസർജമാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ജനകീയ സംരക്ഷണസമിതി രൂപീകരിച്ചു.
ഭാരവാഹികളായി എം. രതീഷ് ബാബു- ചെയർമാൻ, എസ്. സനൽ- കൺവീനർ, ജി. സെന്തിൽ, ആർ. നിഷാദ്, എസ്. അനു, പ്രീന പ്രജീഷ് എന്നിവരെ തെരഞ്ഞെടുത്തു. ജില്ലയിലെ ചിറ്റൂർ, തത്തമംഗലം, കൊടുമ്പ്, ഓലശേരി, പള്ളത്തേരി, അത്തിക്കോട്, തസ്രാക്ക്, യാക്കര പ്രദേശങ്ങളിൽ വസിക്കുന്നവർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ചിറ്റൂർപുഴയുടെ തീരത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള നഗരസഭാ തീരുമാനം അപക്വവും അശാസ്ത്രീയവുമാണെന്നു സംരക്ഷണസമിതി വിലയിരുത്തി. നിർദിഷ്ട പ്ലാന്റിനു ഏതാനും മീറ്ററുകൾ അകലെ മാത്രമുള്ള പുഴയിലേക്ക് ഇ-കോളി, കോളിഫോം ബാക്ടീരിയകൾ കലരാൻ സാധ്യത കൂടുതലാണ്.
പ്രധാന പോഷകനദിയെന്ന നിലക്ക് ചിറ്റൂർപുഴയിൽ മാലിന്യം കലരുന്നതു ഭാരതപ്പുഴയിലെ അനേകം കുടിവെള്ള പദ്ധതികളെ ഇതു സാരമായി ബാധിക്കും. ചിറ്റൂർ നിവാസികൾക്കു മാത്രമല്ല, പാലക്കാടും, മലപ്പുറം ജില്ലയിലെയും വിവിധ മേഖലകളിലെ പ്രധാനപ്പെട്ട കുടിവെള്ള സ്രോതസായ ഭാരതപ്പുഴയെ മലീമസമാക്കാനേ പ്ലാന്റ് ഉപകരിക്കൂ. ജനവാസമില്ലാത്ത മറ്റെവിടെയെങ്കിലും പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭ തയാറാകണമെന്നാണ് പ്രദേശവാസികളുടെ കൂട്ടായ്മയായ സംരക്ഷണ സമിതിയുടെ ആവശ്യം.